Kozhikode

മഴ, കാറ്റ്; കോഴിക്കോട് ജില്ലയിൽ വ്യാപക നാശനഷ്ടം

Please complete the required fields.




കോഴിക്കോട് : വെള്ളിയാഴ്ച രാത്രിയുണ്ടായ  കാറ്റിലും മഴയിലും ജില്ലയിൽ വ്യാപക നാശനഷ്ടം. കുറ്റിക്കാട്ടൂരിൽ മിന്നലേറ്റ് അമ്മയ്ക്കും മകനും ഗുരുതര പരുക്കേറ്റു. ഗവ ഹയർസെക്കൻഡറി സ്കൂളിനു സമീപം തടപറമ്പിൽ വിനീഷിന്റെ ഭാര്യ ബിന്ദു (36) മകൻ വിഷ്ണു (10) എന്നിവർക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ വീട് ഭാഗികമായി തകർന്നു. ബിന്ദുവിന്റെ കാലിന് പൊള്ളലേറ്റ് നടക്കാൻ കഴിയാത്ത അവസ്ഥയാണ്. ആഴത്തിൽ മുറിവുമുണ്ട്. വിഷ്ണുവിന്റെ കാലിനും പൊള്ളലേറ്റിട്ടുണ്ട്. വീടിന്റെ വയറിങ് പൂർണമായി കത്തിനശിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങളും നശിച്ചു. ഭിത്തി രണ്ടായി പിളർന്നു. പറമ്പിലെ തെങ്ങ്, കമുക് എന്നിവ മിന്നലേറ്റ് രണ്ടായി പിളർന്നു.

കാറ്റിൽ എലത്തൂർ പുതിയ നിരത്ത് പുളിമനക്കണ്ടി സുധാകരന്റെ വീടിന്റെ മേൽക്കൂര തകർന്നു. തെങ്ങും മരവും മുറിഞ്ഞു വീണു ചെലവൂർ എഴുന്ന മണ്ണിൽ ഗംഗാധരന്റെ വീട്ടു മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ, സ്കൂട്ടർ എന്നിവ തകർന്നു. വീടിനും കേടുപറ്റി.  കച്ചേരി വില്ലേജിൽ കനകാലയ ബാങ്കിന് പടിഞ്ഞാറുവശം വാടകയ്ക്കു താമസിക്കുന്ന ശിവപ്രകാശൻ, വേങ്ങേരി വില്ലേജ് കരുവിശ്ശേരി  തിരുത്തിയിൽ ക്ഷേത്രത്തിന് സമീപം മീനാക്ഷി ചിറ്റേനിപ്പാട്ട് പറമ്പ്, സുമതി അത്താണിക്കൽ, ഗിരിധരൻ പുതിയങ്ങാടി തുടങ്ങിയവരുടെ വീടിനു മുകളിൽ തെങ്ങു വീണ് ഭാഗികമായ നാശനഷ്ടം സംഭവിച്ചു.

എലത്തൂർ വില്ലേജ് മൊകവൂരിൽ  വീടിനു മുകളിലേക്കു തെങ്ങ്, മാവ് എന്നിവ വീണു വിമല നരിക്കുനി താഴം, റീന കൊന്നക്കൽ, ബാലരാമൻ വെള്ളാങ്കുർ, വിജീ വെള്ളാങ്കൂർ എന്നിവരുടെ വീടുകൾക്ക് നാശനഷ്ടമുണ്ടായി.  താമരശ്ശേരി താലൂക്കിൽ 6 വീടുകൾക്ക് നാശനഷ്ടമുണ്ടായി. പുത്തൂർ വില്ലേജിൽ പിലാത്തോട്ടത്തിൽ റസിയയുടെ വീടിനു മുകളിൽ തെങ്ങു വീണ് വീടിനു ഭാഗികമായ നാശനഷ്ടമുണ്ടായി. നെല്ലിപ്പൊയിൽ, രാരോത്ത് വില്ലേജുകളിലും തെങ്ങു വീണു വീടുകൾക്കു ഭാഗിക നാശമുണ്ടായി. ഈങ്ങാപ്പുഴ വില്ലേജിൽ ചമൽ ദേശത്ത് ചോയിയോട് മിന്നലിൽ വീടിനു നാശം സംഭവിച്ചു. പനങ്ങാട് വില്ലേജിൽ മരം വീണ് ഒരു വീടിനും മിന്നലിൽ മറ്റൊരു വീടിനും നാശനഷ്ടം സംഭവിച്ചു. കൊയിലാണ്ടി താലൂക്കിൽ ബാലുശ്ശേരി, ചേമഞ്ചേരി വില്ലേജുകളിൽ ഇടിമിന്നലിൽ ഒരോ വീടുകൾക്കു ഭാഗിക തകരാർ സംഭവിച്ചു. മടവൂർ മുക്ക് ശങ്കരൻ കുന്നത്ത് രാമന്റെ പശുക്കിടാവ് മിന്നലേറ്റു ചത്തു. വീടിനും നാശനഷ്ടം സംഭവിച്ചു.

കൂരാച്ചുണ്ട് പഞ്ചായത്തിൽ കക്കയം, കല്ലാനോട് മേഖലയിൽ വ്യാപക കൃഷിനാശമുണ്ടായി.   കല്ലാനോട് തോമസ് കുമ്പുക്കലിന്റെ വീടിനു മിന്നലിൽ കേടുപാട് സംഭവിച്ചു. വൈദ്യുതി ലൈനിലേക്കു മരങ്ങൾ കടപുഴകി വീണു ചാത്തങ്കാവ്, ചെത്തുകടവ് ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങി. കാരന്തൂർ പുൽപറമ്പിൽ വീടിനു മുകളിൽ മരം കടപുഴകി വീണു നാശനഷ്ടമുണ്ടായി.

Related Articles

Leave a Reply

Back to top button