
ചൂരൽമല: അട്ടമല എസ്റ്റേറ്റിലെ പാടിമുറിയിൽ ഋതിമോളുടെ പനിയുടെ ആശങ്കയിലായിരുന്നു അമ്മ ധനേഷും ബന്ധുക്കളുമെല്ലാം.മോൾക്ക് മൂന്നുദിവസം മുൻപാണ് പനി തുടങ്ങിയത്. മഴ കനത്തതോടെ കലശലായി. ചൂരൽമലയിലേക്കെത്താനുള്ള പാലം ഒഴുകിപ്പോയതോടെ എസ്റ്റേറ്റിൽനിന്ന് പുറംലോകവുമായുള്ള ബന്ധവുമറ്റു.തോട്ടത്തിൽ തൊഴിലുതേടി നാലുകൊല്ലംമുൻപാണ് മധ്യപ്രദേശിലെ ഗുണയിൽനിന്ന് ഇവരെല്ലാമെത്തിയത്.
ഇതുപോലൊരു മഴ ആദ്യമായാണ് കാണുന്നത്. ബുധനാഴ്ച രാവിലെ താത്കാലികപാലമുണ്ടാക്കി സൈന്യവും രക്ഷാപ്രവർത്തകരും ചൂരൽമല അങ്ങാടിയിലെത്തിച്ചപ്പോഴാണ് ധനേഷിനൊപ്പം സംഘത്തിലുള്ള പൂജയ്ക്കും റോഡേലാലിനുമെല്ലാം ശ്വാസം നേരേവീണത്.വെള്ളാർമല സ്കൂളിൽ പഠിക്കുന്ന ഏഴുവയസ്സുകാരി ലക്ഷ്മി ആദ്യംചോദിച്ചത് കുറച്ചുവെള്ളമാണ്. അപ്പോഴേക്കും നിറയെ കുപ്പിവെള്ളമെത്തി. രണ്ടുദിവസമായി വെള്ളംപോലും കിട്ടിയിട്ടെന്ന് ധനേഷ് പറഞ്ഞു.വയ്യാതായ മോൾക്കും വെള്ളംപോലും കൊടുക്കാനായില്ല. കുടിവെള്ളവും വെളിച്ചവുമില്ലാതെ കഴിഞ്ഞ രണ്ടുനാളിനുശേഷം പുറത്തെത്തിയവർ കൂട്ടത്തിൽ എല്ലാവരും ഉണ്ടെന്ന് ഉറപ്പുവരുത്തി.വന്നവരെയെല്ലാം മന്ത്രിമാരായ കെ. രാജനും പി.എ. മുഹമ്മദ് റിയാസും ഉൾപ്പെടെയുള്ളവർ ആംബുലൻസുകളിലും മറ്റുമായാണ് മേപ്പാടിയിലെ ക്യാമ്പുകളിലെത്തിച്ചത്.
ഒന്നും പേടിക്കണ്ടാ, എല്ലാവരെയും കയറ്റിവിടുമെന്ന് മന്ത്രിമാരുടെ ഉറപ്പ്. ഗുണയുടെ വിവിധ ഭാഗങ്ങളിൽനിന്ന് തോട്ടംതൊഴിലിനായി ഇവിടെ നൂറിലേറെപ്പേരെത്തിയിട്ടുണ്ട്.കുട്ടികളൊക്കെ മേപ്പാടിയിലെ വിവിധസ്കൂളുകളിൽ പഠിക്കുന്നു. നാടുവിട്ടുള്ള ജീവിതം, വലിയ പ്രയാസമൊന്നുമില്ലാതെ മുന്നോട്ടുപോവുകയായിരുന്നു. അപ്പോഴാണ് മഴയുടെ രൂപത്തിൽ ദുരന്തമെത്തിയതെന്ന് പൂജ.ഇങ്ങനെയൊരു മഴ ആദ്യമായാണ് കാണുന്നതെന്നും പൂജ. ക്യാമ്പിലേക്കുള്ള വഴിയിൽ ആംബുലൻസിൽനിന്ന് അവൾ പുറത്തേക്കുനോക്കി ആരോടെന്നില്ലാതെ കൈവീശി.രണ്ടുമാസംപോലും പ്രായമാകാത്ത മകൾ ഋതിയുമായി രണ്ടുദിവസമായി മുണ്ടക്കൈയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു മധ്യപ്രദേശിലെ ഗുണയിൽനിന്നെത്തിയ ധനേഷ്. ബുധനാഴ്ച രാവിലെയാണ് രക്ഷാപ്രവർത്തകർക്ക് ഇവരുടെ അടുത്തെത്താനായത്.





