
അങ്കമാലി; ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി അങ്കമാലിയിൽ യുവാവ് പൊലീസ് പിടിയിൽ. എറണാകുളം വൈപ്പിൻ നായരമ്പലം സ്വദേശി അറക്കൽ വീട്ടിൽ അജു എന്ന ജോസഫാണ് (26) 70 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്.ബുധനാഴ്ച രാത്രി 11ന് അങ്കമാലി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം നടത്തിയ പരിശോധനയിലാണ് ബാഗിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന ലഹരി വസ്തു കണ്ടെടുത്തത്.ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട ബസിൽ കൊയമ്പത്തൂരിൽ നിന്ന് കയറി മട്ടാഞ്ചേരിയിലേക്കാണ് പ്രതി ടിക്കറ്റെടുത്തത്. ബംഗളൂരുവിൽ താമസിക്കുന്ന നൈജീരിയൻ സ്വദേശിയിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്നാണ് ചോദ്യം ചെയ്യലിൽ ലഭിച്ച വിവരം.
റൂറൽ ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി റൂറൽ ജില്ല നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി അനിൽകുമാറിന്റെയും ആലുവ ഡി.വൈ.എസ്.പി പ്രസാദിന്റെയും നിർദ്ദേശാനുസരണം അങ്കമാലി പൊലീസും റൂറൽ ജില്ല ഡാൻസാഫ് ടീമും സംയുക്തമായാണ് മയക്കുമരുന്ന് പിടികൂടിയത്.





