ഇന്ത്യക്കിത് മധുരപ്രതികാരം, ഒഴിയാത്ത ‘ഹെഡ്’ഡേക്കിന് ബുംറയുടെ മറുമരുന്ന്; ഹിറ്റ്മാന്റെ വിളയാട്ടവും

2023 നവംബര്‍ 19-ലെ ആ രാത്രി മറക്കാനാവില്ല. ഇത്തവണ നേടുമെന്ന് അത്രമേല്‍ ഉറപ്പിച്ച ലോകകപ്പായിരുന്നല്ലോ അത്. ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഓസ്ട്രേലിയ കിരീടം ചൂടി നിന്ന ആ രംഗം മറക്കാനാവില്ല. ഐ.സി.സി. ടൂര്‍ണമെന്റുകളില്‍ വല്ലാത്തൊരു പോരാട്ടവീര്യം പുറത്തെടുക്കാന്‍ ഓസ്ട്രേലിയക്ക് എല്ലാ കാലത്തും സാധിക്കാറുണ്ട്. നരേന്ദ്ര മോദി സ്റ്റഡിയത്തിലും അതിന് മാറ്റമുണ്ടായില്ല. ലോകകപ്പില്‍ ഇന്ത്യ ആകെ തോറ്റത് ഒറ്റക്കളിയിലായിരുന്നു. അത് പക്ഷേ, ഫൈനലിലായിപ്പോയി. അതും മുന്‍ ഘട്ടത്തില്‍ ഇന്ത്യ തോല്‍പ്പിച്ചുവന്ന ഓസ്ട്രേലിയയോട്.അന്ന് ഇന്ത്യയില്‍നിന്ന് ആ കപ്പ് കൊത്തിപ്പറിച്ച ഓസ്ട്രേലിയന്‍ ബാറ്ററുണ്ട്. ട്രാവിസ് ഹെഡ്. 120 പന്തില്‍ 137 റണ്‍സോടെ ഹെഡ് കളം വാണതോടെ നരേന്ദ്ര മോദി സ്റ്റേഡിയം നിശ്ശബ്ദമായി. അതേ ഓസ്ട്രേലിയ തിങ്കളാഴ്ച ഇന്ത്യയോട് തോല്‍ക്കുമ്പോള്‍, അതൊരു പകരംവീട്ടല്‍ കൂടിയാണ് നമുക്ക്. വമ്പന്മാര്ക്കിനി ടി20 ലോകകപ്പിലെ ഭാവി എന്തെന്നറിയണമെങ്കില്‍ ചൊവ്വാഴ്ച അഫ്ഗാനിസ്താന്റെ കളി തീരുന്നതുവരെ കാത്തിരിക്കണം.
ട്രാവിസ് ഹെഡ് ഇന്നും അപകടമുഖം തുറന്നതാണ്. ഇന്ത്യന്‍ ആരാധകര്‍ ഒരിക്കല്‍ക്കൂടി ഹെഡിന്റെ കളി ഉള്‍ക്കിടിലത്തോടെ നോക്കിക്കണ്ടു. പക്ഷേ, ജസ്പ്രീത് ബുംറയെന്ന അപകടകാരിയായ ബൗളര്‍ക്കു മുന്നില്‍ ഹെഡിന് തലതാഴ്ത്തുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല. ഹെഡ് കളമൊഴിഞ്ഞതോടെ ഇന്ത്യന്‍ ക്യാമ്പില്‍ ചോര്‍ന്നുപോയ ആവേശം കൈവന്നു.
43 പന്തില്‍ 76 റണ്‍സുമായി ഗുജറാത്ത് സ്റ്റേഡിയത്തില്‍ കാണിച്ചതുപോലെയൊരു അപകടം വിതയ്ക്കുകയായിരുന്നു ഹെഡ്. നാല് സിക്സുകളും ഒന്‍പത് ഫോറുകളും ആ ബാറ്റില്‍നിന്ന് പറക്കുന്നത് കണ്ടപ്പോഴെല്ലാം നെഞ്ചിടിപ്പിന്റെ ഉഗ്രത കൂടിക്കൂടിവന്നു. ഒടുക്കം 17-ാം ഓവറില്‍ ബുംറ രോഹിത്തിന്റെ കൈകളിലേക്ക് ഹെഡിനെ പൂട്ടിക്കെട്ടിയതോടെയാണ് തെല്ലൊരാശ്വാസമായത്. പിന്നെ പറയത്തക്ക ഇന്നിങ്സൊന്നും ഓസ്ട്രേലിയക്ക് കാഴ്ചവയ്ക്കാനായില്ല. അതോടെ ഇന്ത്യ 24 റണ്‍സിന്റെ വിജയത്തിലേക്കും സെമി ഫൈനലിലേക്കും പോയി.
രോഹിത് ശര്‍മ കരിയറിന്റെ ഏതാണ്ട് അവസാന വക്കിലാണ്. രോഹിത്തിനെ ഇനി ഇന്ത്യക്ക് വേണ്ട, പുതിയ കളിക്കാര്‍ വരട്ടെ എന്ന് വിചാരിക്കുന്നവരുണ്ട്. അതില്‍ തെറ്റൊന്നും പറയാന്‍ പറ്റില്ല. പക്ഷേ, സെന്റ് ലൂസിയ സ്റ്റേഡിയത്തില്‍ തിങ്കളാഴ്ച രോഹിത്തില്ലായിരുന്നെങ്കില്, മിക്കവാറും ഇതാവുമായിരുന്നില്ല കളിയുടെ സ്ഥിതി. രോഹിത് തന്റെ അകത്തെ പഴയ ഹിറ്റ്മാനെ പുറത്തെടുത്തതോടെ ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ തലങ്ങും വിലങ്ങും അടി വാങ്ങി. കഴിഞ്ഞ കളികളില്‍ ഇന്ത്യയുടെ രക്ഷകവേഷമണിഞ്ഞ ഋഷഭ് പന്തുവരെ പന്ത് വരുതിയിലാക്കാന്‍ പാടുപെടുമ്പോഴാണ് രോഹിത് അനായാസം ഷോട്ടുകള്‍ പായിച്ചത്. അതിലൊന്ന് സ്റ്റേഡിയത്തിന്റെ റൂഫില്ച്ചെന്ന് തറച്ചത് കൗതുകക്കാഴ്ചയായി.പേടിക്കാതെ കളിക്കുക എന്നത് രോഹിത്തിന്റെ ശൈലിയാണ്. ഓപ്പണര്‍ ആ വിധം കളിച്ചാല്‍ ബാക്കി ബാറ്റര്‍മാരെല്ലാം ആ മാനസിക നിലയിലേക്കെത്തും. രോഹിത് ടീമില്‍നിന്ന് പ്രതീക്ഷിക്കുന്നതും അതാണ്. തന്റെ സ്കോറോ മറ്റോ ഒന്നും രോഹിത്തിനെ അസ്വസ്ഥപ്പെടുത്താറില്ല. പരമാവധി ടീമിനെ വിജയത്തിലെത്തിക്കും വിധം കളിക്കുക എന്ന സ്ട്രാറ്റജി പ്രായോഗികമായി പിന്തുടരുന്ന വ്യക്തിയാണദ്ദേഹം.സെന്റ് ലൂസിയയില്‍ പക്ഷേ, രോഹിത് ഒഴികെയുള്ള മറ്റു ഇന്ത്യക്കാരുടെ കളികള്‍ കണ്ടപ്പോള്‍ ഉള്ളിലൊരു ബേജാറാണ് ഉണ്ടായത്. ഇപ്പോള്‍ ഔട്ടാവും മട്ടില്‍ ഷോട്ടുകളിലെ പ്രശ്നങ്ങള്‍ മറ്റു ബാറ്റര്‍മാരെയെല്ലാം അലട്ടി. പക്ഷേ, രോഹിത് നല്കിയ ഗംഭീര തുടക്കത്തിന്റെ ആനുകൂല്യത്തില്‍ ഇന്ത്യ സ്കോര്‍ ഇരുന്നൂറിനപ്പുറത്തേക്ക് കടത്തി. ഓസ്ട്രേലിയ അതിഗംഭീരമായിത്തന്നെ ചെയ്സിങ് നടത്തിയെങ്കിലും വിക്കറ്റുകള്‍ വീണത് തിരിച്ചടിയായി.





