അമിത വേഗതയിൽ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറിയ കാർ ഓട്ടോകളിലിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്

തൃശ്ശൂർ : സെന്ററിൽ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറിയ കാർ ഓട്ടോറിക്ഷകളിലിടിച്ച് നാലുപേർക്ക് പരിക്കേറ്റു. ബസ് കാത്തുനിന്നിരുന്ന വാടാനപ്പള്ളി വടക്കൻ വീട്ടിൽ കുഞ്ഞയ്യപ്പക്കുട്ടി (80), ലിജി, ഓട്ടോ ഡ്രൈവർമാരായ വാടാനപള്ളി മേപ്പറമ്പിൽ സോമൻ (45), ചെമ്പോത്തും പറമ്പിൽ ശരീഫ് (40) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ 11ന് വാടാനപ്പള്ളി സെന്ററിൽ ചേറ്റുവ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിലായിരുന്നു അപകടം. അമിത വേഗതയിൽ വന്നിരുന്ന കാറാണ് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയത്. പാർക്ക് ചെയ്തിരുന്ന രണ്ട് ഓട്ടോകളിൽ ഇടിച്ച കാർ ബസ് സ്റ്റോപ്പിൽ നിന്നിരുന്ന യാത്രക്കാരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാനയിൽ തട്ടിയാണ് കാർ നിന്നത്. അപകടത്തിൽ ഓട്ടോകൾക്ക് കേടുപാടും ഉണ്ടായി.





