
ന്യൂഡല്‍ഹി: മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്മാരായ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ന്യൂഡല്‍ഹിയിലെ പോളിങ് ബൂത്തില്‍ വോട്ടുചെയ്തു. രാവിലെ 9.30-ഓടെ ഇരുവരും പോളിങ് ബൂത്തിലെത്തി സമ്മതിദാനഅവകാശം വിനിയോഗിച്ചു. വോട്ടുചെയ്ത ശേഷം ഇരുവരും പോളിങ് ബൂത്തിന് മുന്നില്‍വെച്ച് സെല്‍ഫിയെടുത്ത ശേഷമാണ് മടങ്ങിയത്.
ഇന്ത്യ സഖ്യത്തില്‍ ആം ആദ്മിയുമായി ചേര്‍ന്ന് മത്സരിക്കുന്ന കോണ്‍ഗ്രസിന് ന്യൂഡല്‍ഹി ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയില്ല. ആം ആദ്മി പാര്‍ട്ടിയുടെ സോംനാഥ് ഭാരതിയാണ് ഇവിടെ സഖ്യത്തിന്റെ സ്ഥാനാര്‍ഥി. സുഷമ സ്വരാജിന്റെ മകള്‍ ബാംസുരി സ്വരാജാണ് ഇവിടെ ബി.ജെ.പി. സ്ഥാനാര്‍ഥി.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കപില്‍ ദേവ്, ഇന്ത്യന്‍ താരവും ബി.ജെ.പി. നേതാവുമായിരുന്ന ഗൗതം ഗംഭീര്‍, ഗുസ്തി താരം ബബിത ഫോഗട്ട് എന്നിവരും ആദ്യമണിക്കൂറുകളില്‍ വോട്ടുരേഖപ്പെടുത്തി. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഡല്‍ഹിയിലെ പോളിങ് ബൂത്തില്‍ വോട്ടുരേഖപ്പെടുത്തി. ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ജീവിതപങ്കാളിക്കൊപ്പം ഡല്‍ഹിയിലെ നോര്‍ത്ത് അവന്യുവിലെ ബൂത്തില്‍ വോട്ടുചെയ്തു. മറ്റെല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ച് ഭരണഘടനയ്ക്കും ജനാധിപത്യത്തിനുവേണ്ടി വോട്ടുരേഖപ്പെടുത്തുന്നതില്‍ അഭിമാനമുണ്ടെന്ന് കോണ്‍ഗ്രസ് എ.എ.പി- സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തോട് വോട്ടുരേഖപ്പെടുത്തിയ ശേഷം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു.
രാഷ്ട്രീയത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം രാജ്യത്തിന് വളരെ പ്രധാനപ്പെട്ടതാണെന്ന് രാജ്യസഭാ എം.പി. സ്വാതി മലിവാള്‍ പറഞ്ഞു. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഭുവനേശ്വറില്‍ വോട്ട് രേഖപ്പെടുത്തി. സ്വന്തം പോളിങ് ബൂത്തിലെ ആദ്യവോട്ടറായിരുന്നു കേന്ദ്രമന്ത്രി എസ്. ജയശങ്കര്‍. പ്രിയങ്കാഗാന്ധിയുടേയും റോബര്‍ട്ട് വദ്രയുടേയും മക്കളായ റെയ്ഹാന്‍ വദ്രയും മിരായ വദ്രയും ഡല്‍ഹിയില്‍ വോട്ടുരേഖപ്പെടുത്തി.
വനിതാ- യുവ വോട്ടര്‍മാരോട് പ്രത്യേകം വോട്ടുരേഖപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിനെതിരെ വോട്ടുരേഖപ്പെടുത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആഹ്വാനംചെയ്തു. അതേസമയം, പലയിടത്തും വോട്ടിങ് മെഷീന്‍ തകരാറിലായെന്ന ആരോപണവുമായി ബി.ജെ.പി. സ്ഥാനാര്‍ഥികളായ സംബിത് പത്രയും മേനകഗാന്ധിയും രംഗത്തെത്തി. വോട്ടെടുപ്പിന്റെ ആദ്യ രണ്ടുമണിക്കൂറില്‍ പോളിങ് പത്ത് ശതമാനം പിന്നിട്ടു.





