Thiruvananthapuram

അമ്പൂരിയിലെ ഗുണ്ടാ ആക്രമണം: മൂന്നുപേർ പിടിയിൽ, പ്രതികളിൽ ഒരാൾ 17കാരൻ

Please complete the required fields.




വെള്ളറട : അമ്പൂരി കണ്ണന്നൂരിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ ഏഴ് ബൈക്ക് യാത്രക്കാരെയും സമീപത്തെ വീടും ആക്രമിച്ച ഗുണ്ടാസംഘത്തിലെ മൂന്നുപേരെ വെള്ളറട പോലീസ് പിടികൂടി.കണ്ണന്നൂർ ആശാ ഭവനിൽ അബിൻ റോയ് (19), കാട്ടാക്കട പന്നിയോട് കുളവുപാറ ചന്ദവിള വീട്ടിൽ അഖിൽലാൽ (ജിത്തു-22) എന്നിവരും 17-കാരനുമാണ്‌ അറസ്റ്റിലായത്. ഇതിൽ 17-കാരനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. മറ്റൊരു പ്രതിയായ മലയിൻകീഴ് സ്വദേശി അഭിഷേക് (തക്കുടു-23) ഒളിവിലാണ്.

ബൈക്കുകൾ പാതിവഴിയിൽ ഉപേക്ഷിച്ചശേഷം ഓടി രക്ഷപ്പെട്ട പ്രതികളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോൺ നമ്പരുകൾ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കളിയിക്കാവിളയ്ക്കു സമീപത്തുള്ള മങ്കാട് വൈദ്യശാലയ്ക്ക് അടുത്തുവെച്ച് അബിൻ റോയിയെയും അഖിൽലാലിനെയും പോലീസ് പിടികൂടിയത്.ബൈക്ക് യാത്രക്കാരായ ആറുകാണി മുല്ലൈപൂക്കാണി പള്ളിവിള വീട്ടിൽ പാസ്റ്റർ വൈ. അരുൾദാസ് (55), ഇയാളുടെ മകൻ ആൻസ് ഗ്രാൻ (20), ബൈക്ക് യാത്രികരായ അമ്പൂരി കൺസ്യൂമർ ഫെഡ് വിദേശമദ്യവില്പനശാലയിലെ ജീവനക്കാരി വെള്ളറട കോട്ടയംവിള രതി ഭവനിൽ ഇയാ സരിത, ഇവരുടെ ഭർത്താവ് രതീഷ്, കൺസ്യൂമർ ഫെഡിലെ മറ്റ് ജീവനക്കാരായ പൊന്നമ്പി ബിജിൽ ഭവനിൽ ബിജിൽ, സഹപ്രവർത്തകൻ അഭിലാഷ്, പനച്ചമൂട് സ്വദേശി ഷൗക്കത്തലി (62) എന്നിവരാണ് ആക്രമണത്തിനിരയായത്. കണ്ണന്നൂർ ഹെവൻസ് ഗേറ്റിൽ ജയകുമാറിന്റെ വീടിനുനേരേയാണ് ആക്രമണമുണ്ടായത്.

ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് ലഹരിക്കടിമയായി ഗുണ്ടാസംഘത്തിന്റെ അഴിഞ്ഞാട്ടം തുടങ്ങിയത്. പലരും തലനാരിഴയ്ക്കാണ്‌ രക്ഷപ്പെട്ടത്‌. ബൈക്ക്‌ യാത്രക്കാരെ വാളുകൊണ്ട്‌ ആക്രമിച്ച ഇവർ വീടും തകർത്തു. റോഡിൽ പടക്കം പൊട്ടിച്ചശേഷമാണ്‌ ആക്രമണം തുടങ്ങിയത്‌. ബൈക്കുകൾ തകർത്ത്‌ പണവും കവർന്നു.നാട്ടുകാരെത്തിയതോടെ 17-കാരൻ ബസിലും മറ്റുള്ളവർ മോഷ്ടിച്ചെടുത്ത ബൈക്കുകളിലും രക്ഷപ്പെടാൻ ശ്രമിച്ചു. 17-കാരനെ കൂട്ടപ്പൂ കവലയ്ക്കു സമീപത്തുവെച്ച് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.നെയ്യാറ്റിൻകര ഡിവൈ.എസ്.പി. അമ്മിക്കുട്ടന്റെ നേതൃത്വത്തിൽ വെള്ളറട സി.ഐ. ബാബുക്കുറുപ്പ്, എസ്.ഐ. സുജിത്ത്, ഗ്രേഡ് എസ്.ഐ. ശശി, പ്രദീപ്, ദീപു, സജിൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Related Articles

Back to top button