Kottayam

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു, രണ്ടു പേർക്ക് ഗുരുതര പരിക്ക്

Please complete the required fields.




കോട്ടയം : ഇല്ലിക്കലിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് ഗുരുതര പരിക്ക്. അപകടത്തിൽപ്പെട്ട കാറോടിച്ചിരുന്ന തിരുവാർപ്പ് സ്വദേശിയെ നെഞ്ചുവേദയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷ ഓടിച്ചിരുന്ന ആലപ്പുഴ മാരാരിക്കുളം കണ്ടംപടവത്ത് വെളി വീട്ടിൽ മത്തായിയുടെ മകൻ ജോയി (62), ഓട്ടോറിക്ഷയിലെ യാത്രക്കാരൻ ആമ്പലപ്പുഴ കൊളേത്തെ മാപ്പിളപ്പറമ്പിൽ മണിയൻ (73) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

കാറോടിച്ചിരുന്ന തിരുവാർപ്പ് ദ്വാരകാമയി വീട്ടിൽ ബാബുവിനെ നെഞ്ചുവേദനയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ പത്തരയോടെ കോട്ടയം കുമരകം റോഡിൽ ഇല്ലിക്കലിനു സമീപം പാറപ്പാടത്തേയ്ക്കുള്ള റോഡിനു സമീപത്തായാണ് അപകടം.

ചേർത്തലയിൽ നിന്നും ഇല്ലിക്കൽ പ്രദേശത്തെ ഒരു വീട്ടിൽ മരണാനന്തര ചടങ്ങുകളിലേയ്ക്കു ഭക്ഷണവുമായാണ് രണ്ടുപേരും ഓട്ടോറിക്ഷയിൽ എത്തിയത്. ഇല്ലിക്കൽ ചിന്മയ സ്‌കൂളിന്റെ ഭാഗത്ത് വച്ച് എതിർ ദിശയിൽ നിന്നും വരി തെറ്റിച്ചെത്തിയ കാർ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. കാർ വരുന്നത് കണ്ട് ഓട്ടോ വെട്ടിച്ചു മാറ്റിയെങ്കിലും പാഞ്ഞെത്തിയ കാർ ഓട്ടോറിക്ഷയിൽ ഇടിച്ചു.

ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. രണ്ടു പേരുടെയും കാലിനും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. മുൻപ് ബൈപ്പാസ് ശസ്ത്രക്രിയയ്ക്കു വിധേയനായ ആളാണ് കാറോടിച്ച ബാബു എന്ന് പൊലീസ് പറഞ്ഞു. അപകടത്തെ തുടർന്ന് ഇല്ലിക്കൽ റോഡിൽ നേരിയ ഗതാഗത തടസം ഉണ്ടായി.

Related Articles

Back to top button