Thiruvananthapuram

ഗുണ്ടാ ആക്രമണക്കേസിലെ പ്രതി പോലീസ് കസ്റ്റഡിയില്‍ ചികിത്സയിലിരിക്കെ രക്ഷപ്പെട്ടു; തിരച്ചില്‍

Please complete the required fields.




തിരുവനന്തപുരം: വീട്ടില്‍ക്കയറി യുവാവിന് നേരേ ഗുണ്ടാ ആക്രമണം നടത്തിയ കേസിലെ പ്രതി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. കാരക്കോണം പുല്ലന്തേരിയിലെ ബിനോയ് എന്ന അച്ചൂസ് ആണ് കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കടന്നുകളഞ്ഞത്. ബുധനാഴ്ച രാത്രി ശൗചാലയത്തിലേക്ക് പോകുന്നതിനിടെ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

കാരക്കോണം പുല്ലന്തേരി പണ്ടാരത്തറ അഭിരാമത്തില്‍ സുദേവനെ വീട്ടില്‍ക്കയറി ആക്രമിച്ച കേസിലാണ് ബിനോയി എന്ന അച്ചൂസിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. സംഭവത്തില്‍ കൈയ്ക്ക് പൊട്ടലേറ്റ ബിനോയി ആശുപത്രിയില്‍ ചികിത്സതേടുകയായിരുന്നു. അന്വേഷണത്തില്‍ പ്രതി ആശുപത്രിയിലുണ്ടെന്ന് വിവരം ലഭിച്ചതോടെ വെള്ളറട പോലീസ് ഇവിടെയെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ ചികിത്സയിലിരിക്കെയാണ് പ്രതി കടന്നുകളഞ്ഞത്.വീട്ടില്‍ക്കയറി ആക്രമണം നടത്തിയ കേസില്‍ മറ്റൊരു പ്രതിയായ അമല്‍ എന്ന അനന്തുവിനെ വെള്ളറട പോലീസ് നേരത്തെ പിടികൂടിയിരുന്നു. പ്രതികള്‍ സുദേവന്റെ വീടിന് മുന്നിലെത്തി അസഭ്യംവിളിച്ചതായിരുന്നു സംഭവങ്ങളുടെ തുടക്കം. ഇതുകേട്ട് പുറത്തിറങ്ങിയ സുദേവനെ ഗുണ്ടാസംഘം ക്രൂരമായി ആക്രമിച്ചു. മുഖത്ത് കല്ല് കൊണ്ടിടിക്കുകയുംചെയ്തു.

തിങ്കളാഴ്ച രാത്രി പാറശ്ശാല പോലീസ് സ്‌റ്റേഷനില്‍നിന്ന് കൊലക്കേസ് പ്രതിയും രക്ഷപ്പെട്ടിരുന്നു. പരശുവയ്ക്കല്‍ സ്വദേശിയായ മിഥുന്‍ ആണ് പാറശ്ശാല സ്റ്റേഷനില്‍നിന്നും കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടത്. ഇയാളെ പിന്നീട് വിഷം കഴിച്ചനിലയില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Back to top button