
ലാഹോര്‍: ജൂണില്‍ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പ് ക്രിക്കറ്റില്‍ ചാമ്പ്യന്മാരായാല് ഓഫര്‍ പ്രഖ്യാപിച്ച് പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി.). പി.സി.ബി. ചെയര്മാന് മൊഹ്സിന്‍ നഖ്വി താരങ്ങള്‍ക്കൊപ്പം രണ്ട് മണിക്കൂറോളം ചെലവഴിച്ച ശേഷമാണ് പ്രഖ്യാപനം നടത്തിയത്.
ലോകകപ്പിന് മുന്നോടിയായി അയര്‍ലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരേ ടി20 പരമ്പര കളിക്കാന്‍ തിങ്കളാഴ്ച രാത്രി പുറപ്പെടാനിരിക്കെയാണ് നഖ്വി താരങ്ങളെ കണ്ടത്. ലോകകപ്പ് ജയിച്ചാല്‍ ഓരോ താരങ്ങള്‍ക്കും ഒരു ലക്ഷം വീതം യു.എസ്. ഡോളര്‍ നല്‍കും. ഏകദേശം ഒരു കോടി രൂപയോളം വരുമിത്.
കപ്പുയര്ത്തുന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍ സമ്മാനത്തുകയ്ക്ക് പ്രസക്തിയില്ലെന്നും ടീം പാകിസ്താന് പതാക ഉയര്‍ത്തുമെന്നാണ് പ്രതീക്ഷയെന്നും നഖ്വി പറഞ്ഞു. എല്ലാവരും പാകിസ്താനുവേണ്ടി കളിക്കണമെന്നും ദൈവാനുഗ്രഹത്താല്‍ ടീം വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.





