Kozhikode

ടയർമാറ്റാൻ നിർത്തിയിട്ട കാറിനുപിന്നിൽ ലോറിയും വാനുമിടിച്ച് രണ്ടുവയസ്സുകാരന് ദാരുണാന്ത്യം

Please complete the required fields.




കൊയിലാണ്ടി : ദേശീയപാതയിൽ പാലക്കുളത്ത് ടയർ മാറ്റിയിടാൻ നിർത്തിയിട്ട കാറിനുപിന്നിൽ മിനിലോറിയും പിക്കപ്പ്‌വാനുമിടിച്ച്‌ രണ്ടുവയസ്സുകാരന് ദാരുണാന്ത്യം. വടകര ചോറോട് അബീബ് മൻസിലിൽ മുഹമ്മദ് ഹിസാനാണ് മരിച്ചത്. വ്യാഴാഴ്ച പകൽ പതിനൊന്നരയോടെയായിരുന്നു അപകടം. ബന്ധുക്കളും കാർയാത്രികരുമായ ഫാത്തിമ ഇസ(ആറ്), സുഹറ (55), സെയ്ഫ്(14), ജുൈമലത്ത് (37), ഷെഫീർ(45), ഫാത്തിമ(17), ലോറിയിലുണ്ടായിരുന്ന ഗോപി (55) എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ ഉടൻതന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് കാർയാത്രികരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബം സഞ്ചരിച്ച കാറിന്റെ ടയർ പഞ്ചറായതിനെത്തുടർന്ന് റോഡരികിൽ കാർനിർത്തി ടയർമാറ്റുന്നതിനിടയിൽ ഒരു മിനിലോറിയും പിക്കപ്പ്‌വാനും കാറിന്റെ പിന്നിലിടിച്ചാണ് അപകടമുണ്ടായത്.

കാർയാത്രികർ പുറത്തിറങ്ങി കാറിന് സമീപം നിൽക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡരികിൽ നിന്നവരുടെ ദേഹത്തേക്കാണ് ഇടിച്ചുകയറിയത്. ഓടിക്കൂടിയ സമീപവാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. വിവരമറിഞ്ഞ് കൊയിലാണ്ടി പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. ചോറോട് പുത്തൂർ പടിഞ്ഞാറെ പുനത്തിൽ റഷീദിന്റെയും (ഖത്തർ) സബീലയുടെയും മകനാണ് മുഹമ്മദ് ഹിസാൻ. സഹോദരങ്ങൾ: സിഷൻ, ഹൈസ.

Related Articles

Back to top button