Kozhikode

സിനിമാസ്വാദനത്തിനായി: കോഴിക്കോട്ട് വനിതാ ഫിലിം സൊസൈറ്റി വരുന്നു

Please complete the required fields.




കോഴിക്കോട് : ഫിലിം സൊസൈറ്റികളിലൂടെ സിനിമകളുടെ വസന്തം നിറഞ്ഞ കോഴിക്കോട്ട് വനിതകളുടെ കൂട്ടായ്മയിൽ ഒരു ഫിലിം സൊസൈറ്റി ഒരുങ്ങുന്നു. സ്ത്രീത്തൊഴിലാളികളുടെ പ്രശ്നങ്ങളിലിടപെട്ട് ശ്രദ്ധേയരായ പെൺകൂട്ടിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്തെതന്നെ രണ്ടാമത്തെ വനിതാ ഫിലിം സൊസൈറ്റി കോഴിക്കോട്ട് വരുന്നത്. ഫിലിം ഫെഡറേഷന്റെ കീഴിലാണ് ഫിലിം സൊസൈറ്റികൾ പ്രവർത്തിക്കുന്നത്. കോട്ടയത്തുമാത്രമാണ് സംസ്ഥാനത്തെ വനിതകളുടെ നേതൃത്വത്തിലുള്ള ഫിലിം സൊസൈറ്റിയുള്ളത്. പെൺകൂട്ട് ഫിലിം സൊസൈറ്റിയുടെ രൂപവത്കരണം 21-ന് ആനക്കുളം സംസ്കാരികനിലയത്തിൽ നടക്കും. വൈകീട്ട് മൂന്നിന് സംവിധായക വിധു വിൻസന്റ് ഉദ്ഘാടനംചെയ്യും.

കോഴിക്കോട്ട് ഫിലിം സൊസൈറ്റികൾ വർഷങ്ങൾക്കുമുമ്പേയുണ്ട്. സാധാരണ സൊസൈറ്റികളുടെ രീതിയിൽത്തന്നെയായിരിക്കും വനിതകളുടെ നേതൃത്വത്തിലുള്ളതിന്റെയും പ്രവർത്തനം. “രണ്ടാമത്തെ വനിതാ ഫിലിം സൊസൈറ്റിയാണ് കോഴിക്കോട്ട് വരുന്നത്. അവർക്ക് ചലച്ചിത്രമേളകൾ നടത്താം. ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ടുള്ള അവരുടെ പ്രവർത്തനങ്ങൾക്ക് ഫെഡറേഷന്റെ എല്ലാ പിന്തുണയുമുണ്ടാകും. മികച്ച രീതിയിൽ പ്രവർത്തിച്ചാൽ ഫണ്ടുൾപ്പെടെ ലഭിക്കും” -ഫിലിം ഫെഡറേഷൻ റീജണൽ കൗൺസിൽ അംഗം നവീനാ വിജയൻ പറഞ്ഞു. സൊസൈറ്റിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ ബുക്ക് പെൺകൂട്ട് അംഗങ്ങൾക്ക് കഴിഞ്ഞദിവസം കൈമാറി.

പെൺകൂട്ട് സംസ്ഥാനസെക്രട്ടറി പി. വിജി, പ്രതിഭാ പുരുഷു, സീമാ ഹരിദാസ്, ടി.പി. സുമിത്ര, ജെസി തുടങ്ങിയവരുടെ നേതൃത്വത്തിലായിരിക്കും പ്രവർത്തനം. നേരത്തേ പല ഫിലിം സൊസൈറ്റികളും സജീവമായിരുന്നെങ്കിലും ഇപ്പോൾ പലതും അത്തരത്തിലല്ല. വനിതാ ഫിലിം സൊസൈറ്റി യാഥാർഥ്യമാകുന്നതോടെ കാഴ്ചകളുടെ വ്യത്യസ്തമായ വേദിയാവുമതെന്ന പ്രതീക്ഷയിലാണ് പെൺകൂട്ട്. മിഠായിത്തെരുവിലെ സ്ത്രീകളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വിജി പെൺകൂട്ട് നടത്തിയ സമരം ‘അസംഘടിതർ’ എന്നപേരിൽ സിനിമയായിരുന്നു. ജിയോ ബേബിയും ടീമും ചേർന്നൊരുക്കിയ ‘സ്വാതന്ത്ര്യസമര’ത്തിലെ അഞ്ചു സിനിമകളിൽ ഒന്നായിരുന്നു അസംഘടിതർ. വിജി പെൺകൂട്ട് തന്നെയാണ് അഭിനയിച്ചതും.

Related Articles

Back to top button