India

ചാമ്പ്യന്‍സ് ലീഗ്; ഷൂട്ടൗട്ടില്‍ സിറ്റിയെ തോല്‍പ്പിച്ച് റയല്‍ സെമിയില്‍; ആഴ്‌സണല്‍ കടന്ന് ബയേണും

Please complete the required fields.




യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡ്, ബയേണ്‍ മ്യൂണിക്ക് ടീമുകള്‍ സെമിയില്‍ പ്രവേശിച്ചു. വ്യാഴാഴ്ച നടന്ന ആവേശകരമായ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചാണ് റയല്‍ സെമിയില്‍ പ്രവേശിച്ചതെങ്കില്‍, എതിരില്ലാത്ത ഒരു ഗോളിന് ആഴ്‌സണലിനെ തകര്‍ത്താണ് ബയേണ്‍ സെമി പ്രവേശം സാധ്യമാക്കിയത്.

ആദ്യപാദ മത്സരത്തില്‍ 3-3 എന്ന സമനിലയിലായിരുന്നതിന്റെ ആത്മവിശ്വാസത്തിലാണ് റയലും സിറ്റിയും രണ്ടാം പാദത്തിന് കൊമ്പുകോര്‍ക്കാനിറങ്ങിയത്. നിശ്ചിത സമയത്തും എക്‌സ്ട്രാ സമയത്തും 1-1 എന്ന നിലയിലായതോടെ അഗ്രിഗേറ്റ് സ്‌കോര്‍ 4-4 എന്ന നിലയിലായി. ഇതോടെ ഷൂട്ടൗട്ടിലേക്ക് നീണ്ട കളി, 4-3ന് റയല്‍ മാഡ്രിഡ് ജയിച്ചു.

12-ാം മിനിറ്റില്‍ റോഡ്രിഗോയാണ് റയലിനായി ആദ്യ ഗോള്‍ നേടിയത്. വിനീഷ്യസ് നല്‍കിയ പാസ് റോഡ്രിഗോ വലയിലേക്ക് ചലിപ്പിച്ചെങ്കിലും മാഞ്ചെസ്റ്റര്‍ ഗോള്‍ക്കീപ്പര്‍ എഡേഴ്‌സണ്‍ തടഞ്ഞിട്ടു. റീബൗണ്ടില്‍ റോഡ്രിഗോ പന്ത് വലയിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതിയിലെ 76-ാം മിനിറ്റിലാണ് പിന്നീട് സിറ്റിയുടെ തിരിച്ചടിയുണ്ടായത്. ഡോകു നല്‍കിയ അസിസ്റ്റില്‍ ഡി ബ്രുയിന്‍ മത്സരം സമനിലയിലെത്തിച്ചു. അതേ നിലയില്‍ത്തന്നെ നിശ്ചിത സമയം അവസാനിക്കുകയും എക്‌സ്ട്രാ ടൈമിലേക്ക്‌ നീളുകയും ചെയ്‌തെങ്കിലും പിന്നീട് ഗോളൊന്നും പിറന്നില്ല. അതോടെ ഷൂട്ടൗട്ടിലെത്തി.

റയലിനുവേണ്ടി ബെല്ലിങ്ഹാം, വാസ്‌കസ്, നാചോ, റുദിഗര്‍ എന്നിവര്‍ കിക്ക് വലയിലെത്തിച്ചു. ആദ്യ കിക്കെടുത്ത മോഡ്രിച്ചിന്റെ ഷോട്ട് എഡേഴ്‌സണ്‍ പ്രതിരോധിച്ചു. സിറ്റിക്കുവേണ്ടി ജൂലിയന്‍ അല്‍വാരസ്, ഫോഡന്‍, എഡേഴ്‌സണ്‍ എന്നിവര്‍ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍, രണ്ടാം കിക്കെടുത്ത ബെര്‍ണാഡോയുടെയും മൂന്നാം കിക്കെടുത്ത കൊവചിചിന്റെയും കിക്കുകള്‍ ലുനിന്‍ തടഞ്ഞു.

സ്വന്തം ഹോം ഗ്രൗണ്ടില്‍ നടന്ന രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒരു ഗോളിന്റെ ജയം നേടിയാണ് ബയേണ്‍ മ്യൂണിച്ച് സെമി ഉറപ്പിച്ചത്. ആഴ്‌സണലിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന ആദ്യ പാദത്തില്‍ 2-2 എന്ന സ്‌കോറിലായിരുന്നു കളി അവസാനിച്ചത്. കിമ്മിച്ചിന്റെ ഗോളിലൂടെ അഗ്രിഗേറ്റ് സ്‌കോറില്‍ ബയേണ്‍ 3-2 എന്ന നിലയില്‍ മുന്നിലെത്തി.

Related Articles

Back to top button