Kozhikode

യാത്രയയപ്പ് ചടങ്ങിനിടെ അവസാനരക്ഷാദൗത്യം; വിജയകരമായി പൂര്‍ത്തിയാക്കി രാജീവനും ബാബുവും വിരമിച്ചു

Please complete the required fields.




വടകര: കോഴിക്കോട് വടകര അഗ്നിരക്ഷാസേനയുടെ സ്റ്റേഷന്‍മുറ്റം. ഞായറാഴ്ച വൈകീട്ട് അവിടെ ഒരു യാത്രയയപ്പ് യോഗം നടക്കുന്നു. വിരമിക്കുന്നത് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ.ടി. രാജീവനും സീനിയര്‍ ഫയര്‍ ഓഫീസര്‍ ബാബുവും. സഹപ്രവര്‍ത്തകരുടെ ആശംസകള്‍ക്കൊടുവില്‍, മറുപടിപ്രസംഗത്തിന്റെ വേളയില്‍ സ്റ്റേഷനിലെ ഫോണ്‍ മുഴങ്ങി..

അടയ്ക്കാത്തെരുവില്‍ ഒരാള്‍ കിണറ്റിലകപ്പെട്ടു എന്ന സന്ദേശം. യാത്രയയപ്പ് യോഗം അവിടെനിര്‍ത്തി. രാജീവനും ബാബുവും അവസാന രക്ഷാദൗത്യത്തിനായി സേനാംഗങ്ങള്‍ക്കൊപ്പം അങ്ങോട്ടേക്ക് പുറപ്പെട്ടു. ഗ്രേഡ് മെക്കാനിക് എം. ഗംഗാധരന്‍ കിണറ്റിലിറങ്ങി.

കിണറ്റിലകപ്പെട്ട ശ്രീജേഷിനെ മറ്റു സേനാംഗങ്ങളുടെ സഹായത്തോടെ റെസ്‌ക്യു നെറ്റ് ഉപയോഗിച്ച് പുറത്തെത്തിച്ചു. കിണറില്‍വീണ പൂച്ചയെ പുറത്തെടുക്കാനായി ഇറങ്ങുന്നതിനിടെ കയര്‍പൊട്ടിയാണ് ഇയാള്‍ കിണറില്‍ കുടുങ്ങിയത്.

അങ്ങനെ അവസാനരക്ഷാദൗത്യവും വിജയകരമായി പൂര്‍ത്തിയാക്കി രാജീവനും ബാബുവും സര്‍വീസില്‍നിന്ന് വിരമിച്ചു. രാജീവന്‍ വെള്ളികുളങ്ങര കിണര്‍ദുരന്തം, വടകര താലൂക്ക് ഓഫീസ് തീപ്പിടിത്തം എന്നിവയില്‍ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തിട്ടുണ്ട്. വി.കെ. ബാബു മിഠായിത്തെരുവ് തീപ്പിടിത്തം പോലുള്ള സംഭവങ്ങളിലും രക്ഷാപ്രവര്‍ത്തകനായി. 25 വര്‍ഷത്തോളം സര്‍വീസുണ്ട് രണ്ടുപേര്‍ക്കും.

Related Articles

Back to top button