
കോഴിക്കോട്: നഗരത്തിൽ വീണ്ടും കാട്ടുപന്നി. നടക്കാവിൽ പല ഭാഗത്തായാണ് കഴിഞ്ഞ ദിവസം പന്നിയെ കണ്ടത്. വെള്ളിയാഴ്ച വൈകുന്നേരം നാലോടെ നടക്കാവ് കെ.എസ്.ആർ.ടി.സി വർക് ഷോപ്പിന് സമീപം പന്നിയെ കണ്ടവരുണ്ട്.
ഇടവഴിയിൽ പന്നി പോകുന്നത് വിവിധ നിരീക്ഷണ കാമറകളിലും പെട്ടിട്ടുണ്ട്. വണ്ടിപ്പേട്ടയിൽനിന്ന് ബിലാത്തിക്കുളം റോഡിലേക്കുള്ള പോക്കറ്റ് റോഡുകളിൽ പലേടത്തായി നടക്കുന്നത് കണ്ടെത്തി.
കാട്ടുപന്നിയുണ്ടെന്ന് വാർത്ത വന്നതോടെ പരിസരവാസികൾ ഭീതിയിലാണ്. രാത്രി തനിച്ചു പോവാനും കുട്ടികളെ അയക്കാനുമെല്ലാം ഭയക്കുന്നു. പുലർച്ചെ നടക്കാനും പള്ളിയിൽ പോവാനുമിറങ്ങുന്നവർക്ക് ആധിയുണ്ട്.





