നടുറോഡില്‍ വിമുക്ത ഭടനും ഭാര്യയ്ക്കും മര്‍ദ്ദനം; പരാതി നല്‍കിയിട്ടും തിരിഞ്ഞ് നോക്കാതെ പൊലീസ്

കൊല്ലം: നടുറോഡില്‍ വിമുക്ത ഭടനും ഭാര്യയ്ക്കും നേരെ ക്രൂര മർദ്ദനം. കൊല്ലം ശൂരനാടാണ് സംഭവം. ശൂരനാട് സ്വദേശി ശിവകുമാറിനും ഭാര്യ രജനിയ്ക്കുമാണ് മർദ്ദനമേറ്റത്.ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. 10 പേരടങ്ങുന്ന സംഘമാണ് ഇരുവരെയും മർദ്ദിച്ചത്. വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് ആക്രമണത്തിന് കലാശിച്ചത്. പൊലീസില്‍ പരാതി നല്കി അഞ്ച് ദിവസം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കുന്നില്ല എന്ന ആരോപണവും കുടുംബം ഉന്നയിച്ചിട്ടുണ്ട്.
ഗതാഗത തടസമുണ്ടാക്കുന്ന വിധത്തില്‍ യുവാക്കള്‍ വാഹനം പാർക്ക് ചെയ്തത് ദമ്ബതികള്‍ ചോദ്യം ചെയ്തതാണ് പ്രകോപനത്തിനിടയാക്കിയത്. തുടർന്ന് ഇരുമ്ബുവടി ഉള്‍പ്പെടെ കൈയ്യിലുണ്ടായിരുന്ന സംഘം ശിവകുമാറിനെ മർദ്ദിക്കുകയായിരുന്നു. മർദ്ദനം തടയുന്നതിനിടെ ഭാര്യ രജനിയ്ക്കും മർദ്ദനമേറ്റിരുന്നു. ആക്രമണത്തില്‍ ശിവകുമാറിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.
ആക്രമണത്തിന് പിന്നാലെ ദമ്ബതികള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് അന്വേഷിക്കുകയോ പ്രതികളെ പിടികൂടുകയോ ചെയ്തിട്ടില്ലെന്ന് ഇരുവരും പറഞ്ഞു. പൊലീസും പ്രതികളും ഒത്തുകളിക്കുകയാണെന്നാണ് ദമ്ബതികളുടെ ആരോപണം.





