താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കളുടെ വിൽപ്പനയ്ക്ക് നിയന്ത്രണം

താമരശ്ശേരി : മഞ്ഞപ്പിത്തവും മറ്റ് പകർച്ചവ്യാധികളും വ്യാപകമായി പടരുന്ന സാഹചര്യത്തിൽ താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കളുടെ വിപണനത്തിന് നിയന്ത്രണമേർപ്പെടുത്തി. അനാരോഗ്യകരമായ സാഹചര്യത്തിൽ തയ്യാറാക്കുന്ന ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കളുടെയും മസാലക്കൂട്ടുകൾ ചേർത്തുള്ള ശീതള പാനീയങ്ങളുടെയും വിപണനം നിരോധിച്ചതായി താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദനും ഗവ. താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ ടി.കെ. സുരേഷ് കുമാറും അറിയിച്ചു.
ഗ്രാമപ്പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പാതയോരങ്ങളിലെ കടകളിൽ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിലും ലൈസൻസില്ലാതെയും പ്രവർത്തിക്കുന്ന വഴിയോര ഭക്ഷ്യവിപണന കേന്ദ്രങ്ങൾക്ക് പിഴചുമത്തുകയും അവ അടച്ചുപൂട്ടാൻ നോട്ടീസ് നൽകുകയും ചെയ്തു.
താമരശ്ശേരി മേഖലയിൽ മൂന്നുമാസത്തിനിടെ ഇരുപതോളം പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് പരിശോധന വ്യാപകമാക്കിയത്. ഈമാസം മാത്രം എട്ടുപേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. താമരശ്ശേരി താലൂക്ക് ആശുപത്രി ജെ.എച്ച്.ഐ. ഗിരീഷ്, ഗ്രാമപ്പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ വി. സമീർ, വിജേഷ് എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.





