
മറയൂർ: മൂന്നാർ-മറയൂർ അന്തർസംസ്ഥാന പാതയിൽ പടയപ്പ വീണ്ടും കാറ് തകർത്തു. ബുധനാഴ്ച രാത്രി ഒൻപത് മണിക്കാണ് സംഭവം. ഇടുക്കി മുണ്ടിയെരുമ ആലുംമൂട്ടിൽ ആശിഷ് മാത്യു (30) വും ഭാര്യ ജുബി (29) നും രാമക്കൽമേട്, മൂന്നാർ സന്ദർശനത്തിന് ശേഷം മറയൂരിലേക്ക് വരും വഴി എട്ടാംമൈലിൽ വച്ചാണ് പടയപ്പ ഇവർ സഞ്ചരിച്ച കാർ തടഞ്ഞ് ആക്രമിച്ചത്. വളവ് കഴിഞ്ഞതും പടയപ്പയുടെ മുന്നില്‍പെടുകയായിരുന്നു.
തുമ്പികൈയും കൊമ്പും ഉപയോഗിച്ച് കാറിന്റെ മേൽഭാഗത്ത് പടയപ്പ അമർത്തി. ഇതിനിടയിൽ കൊമ്പുകൊണ്ട് മുൻവശത്തെ ചില്ലും തകർത്തു. ഭയന്നുവിറച്ച മാത്യുവും ജുബിനും കുറച്ചു നേരം കണ്ണടച്ച് ഇരുന്നെങ്കിലും ആശിഷ് കാർ മുന്നോട്ട് എടുക്കുവാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. വീണ്ടും ആക്രമിക്കാനായി കൊമ്പും തുമ്പികൈയും ഉയർത്തിയ സമയത്ത് പെട്ടെന്ന് കാർ മുന്നോട്ടെടുത്ത് മറയൂരിലേക്ക് രക്ഷപെടുകയായിരുന്നു.പടയപ്പ കാര്‍ ആക്രമിച്ച സ്ഥലത്ത് ഒരു വശത്ത് വലിയ കൊക്കയാണ്.
വീണ്ടും ആക്രമിച്ചാൽ കൊക്കയിലേക്ക് മറിയാൻ സാധ്യത ഏറെ ആയിരുന്നുവെന്ന് ആശിഷ് മാത്യൂ പറഞ്ഞു. കാറിന്റെ മേൽവശം പൂർണ്ണമായും തകർന്ന നിലയിലാണ്. മൂന്നാർ-മറയൂർ അന്തർസംസ്ഥാന പാതയിൽ ഒരു മാസത്തിനകം ഒരു കാറും ബൈക്കും രണ്ടു ബസ്സുകളും പടയപ്പ തകർത്തിട്ടുണ്ട്. രാത്രികാല സമയങ്ങളിൽ റാപ്പിഡ് റെസ്പോൺസ് ടീമിനെ നിയമിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല എന്ന ആരോപണം ഉയരുന്നുണ്ട്. പടയപ്പയെ നിരീക്ഷിക്കുമെന്ന് പറയുന്നുണ്ടെങ്കിലും രാത്രി കാലങ്ങളിൽ പടയപ്പയുടെ സാന്നിധ്യം തിരിച്ചറിയുന്നതിന് കഴിയാതെ വരുന്നതാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു.





