‘കടലില്‍ അയലക്കുഞ്ഞുങ്ങള്‍ മാത്രം’; റമദാനും വിഷുവുമൊക്കെ വറുതിയിലാകുമോയെന്ന ആശങ്കയില്‍ മീൻപിടുത്ത തൊഴിലാളികള്‍

കുമ്ബള: കടലില്‍ മീൻ സമ്ബത്ത് കുറയുന്നുവെന്ന ആശങ്കയില്‍ പരമ്ബരാഗത മീൻപിടുത്ത തൊഴിലാളികള്‍.
കാലവർഷത്തിനുശേഷം കടലില്‍ ഇറങ്ങിയ തൊഴിലാളികള്‍ പലപ്പോഴും വെറും കയ്യോടെയാണ് മടങ്ങിയത്. റമദാനും വിഷുവുമൊക്കെ അടുത്തെത്തിയ സാഹചര്യത്തില്‍ കുടുംബം വറുതിയിലാകുമോ എന്ന ആശങ്കയിലാണ് അനവധി മീൻപിടുത്ത തൊഴിലാളികളുടെ കുടുംബങ്ങള്‍.കടലില്‍ മീൻ ലഭ്യതയുടെ കുറവുമൂലം മാസങ്ങളോളം തോണികള്‍ കടലില്‍ ഇറക്കിയിരുന്നില്ല. ഇറക്കിയാല്‍ തന്നെ അയലക്കുഞ്ഞുങ്ങള്‍ മാത്രമാണ് ലഭിക്കുന്നതെന്നും അതിനാകട്ടെ വിലയുമില്ലെന്ന് തൊഴിലാളികള്‍ പരിതപിക്കുന്നു. ചാകരക്കാലത്ത് പോലും മീൻ ലഭ്യതയുടെ കുറവാണ് ഇവരെ ദുരിതത്തിലാക്കുന്നത്.
ആഴക്കടലിലെ ബോടുകളിലെ അനധികൃത മീൻപിടുത്തം കടലിലെ മീൻ സമ്ബത്ത് കുറയാൻ കാരണമായെന്ന് തൊഴിലാളികള്‍ പറയുന്നു.
അന്യസംസ്ഥാന- വിദേശ ബോടുകളൊക്കെ ആഴക്കടലില്‍ അരിച്ചുപെറുക്കി മീൻ പിടിക്കുന്നത് മൂലം മീൻ സമ്ബത്ത് നശിക്കുകയാണെന്ന പരാതിയും ഇവർക്കുണ്ട്. കഴിഞ്ഞ മൂന്നുമാസത്തിനിടയില്‍ നിരവധി അനധികൃത ബോടുകള്‍ അധികൃതർ പിടികൂടിയത് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. തൊഴിലാളികളുടെ ദുരിതം ചൂണ്ടിക്കാട്ടിയാല്‍ സർകാർ ചെയ്യുന്നത് മുറപോലെ ‘റേഷൻ സൗജന്യമാക്കല്‍’ മാത്രമാണെന്നാണ് ആക്ഷേപം.ബിപിഎല്‍ കുടുംബങ്ങളായ തങ്ങള്‍ക്ക് ഇതുകൊണ്ട് കുടുംബം പോറ്റാൻ കഴിയുമോ എന്ന് മീൻപിടുത്ത തൊഴിലാളികള്‍ ചോദിക്കുന്നു. അനധികൃത മീൻപിടുത്തത്തിലൂടെ കടലിലെ മീൻ സമ്ബത്ത് നശിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമനിർമാണം കൊണ്ടുവരണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.





