
കോഴിക്കോട്: പാലക്കാട് സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർഥിനിയുടെ ആമാശയത്തിൽനിന്നും ഭീമൻ മുടിക്കെട്ടു നീക്കം ചെയ്തു.
കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ചാണ് അപൂർവ ശസ്ത്രക്രിയ നടന്നത്. രണ്ടു കിലോയ്ക്കു മുകളിൽ തൂക്കവും 30 സെന്റിമീറ്റർ നീളവും 15 സെന്റിമീറ്റർ വീതിയും മുടിക്കെട്ടിനുണ്ട്. ആമാശയത്തിനു സമാനമായ രൂപത്തിലായിരുന്നു പുറത്തെടുത്ത മുടിക്കെട്ട്. ശസ്ത്രക്രിയയ്ക്കുശേഷം കുട്ടി ആശുപത്രിയിൽ തുടരുകയാണ്. പൂർണ ആരോഗ്യവതിയാണ്.
പല കാലങ്ങളിലായി വയറ്റിനുള്ളിലെത്തിയ തലമുടി ആമാശയത്തിനുള്ളിൽ കെട്ടുപിണഞ്ഞ് ആഹാര അംശവുമായി ചേർന്ന് ഭീമൻ ട്യൂമറായി മാറുന്നു. ഇത് രോഗിയിൽ വിളർച്ചയും ക്ഷീണത്തിനും കാരണമാകുന്നു. സർജറി വിഭാഗം പ്രഫസർ ഡോക്ടർ വൈ.ഷാജഹാന്റെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയയിൽ ഡോ. വൈശാഖ്. ഡോ. ജെറി, ഡോ. ജിതിൻ, ഡോ. അഞ്ജലി, അനസ്തീഷ്യ വിഭാഗം പ്രഫസർ ഡോ. അബ്ദുല്ലത്തീഫ്, ബ്രദർ ജറോം തുടങ്ങിയവർ പങ്കെടുത്തു.





