
കോഴിക്കോട്: ജില്ലയിലെ മലയോര മേഖലകളായ ചക്കിട്ടപാറ, കൂരാച്ചുണ്ട്, പനങ്ങാട്, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിൽ കാട്ടാന ശല്യം രൂക്ഷമായി തുടരുന്നതിനാൽ കർഷകർ കൃഷി ഉപേക്ഷിക്കാൻ ഒരുങ്ങുകയാണെന്നു കേരള ഇൻഡിപെൻഡന്റ് ഫാമേഴ്സ് അസോസിയേഷൻ (കിഫ) ജില്ലാ കമ്മിറ്റി. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കൂത്താളി കൃഷി ഫാമിൽ കഴിഞ്ഞ ദിവസം കാട്ടാന കയറി കൃഷി നശിപ്പിച്ചപ്പോൾ അവിടെ ഹാങ്ങിങ് ഫെൻസിങ് നിർമിക്കാൻ തീരുമാനിച്ചതു സ്വാഗതാർഹമാണ്.
പൊതുജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷണമൊരുക്കാൻ കാടിനു ചുറ്റും ഹാങ്ങിങ് ഫെൻസിങ് വേണമെന്നും ജില്ലാ പ്രസിഡന്റ് മനോജ് കുംബ്ലാനി പറഞ്ഞു. വന്യമൃഗശല്യം ശാശ്വതമായി പരിഹരിച്ചില്ലെങ്കിൽ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധം ഉൾപ്പെടെയുള്ള സമര പരിപാടികൾ നടത്താനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു. യോഗത്തിൽ ജില്ലാ സെക്രട്ടറി ബിനോയ് ജോർജ്, ബെന്നി ജോൺ, ഷെല്ലി ജോസ്, സിബി എട്ടിയിൽ എന്നിവർ പ്രസംഗിച്ചു.





