Kerala

‘നിന്നെയോര്‍ത്ത് അഭിമാനം തോന്നുന്നു’; അപര്‍ണയുടെ പുതിയ സംരംഭത്തിന് തുടക്കമിട്ട് നയന്‍താര

Please complete the required fields.




നടന്‍ ജയറാമിന്റേയും നടി പാര്‍വതിയുടേയും മക്കളായ കാളിദാസിന്റേയും മാളവികയുടേയും വിവാഹ നിശ്ചയ ചടങ്ങുകളുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് നടി അപര്‍ണ ബാലമുരളിയായിരുന്നു എന്ന വാര്‍ത്ത അമ്പരപ്പോടെയാണ് ആരാധകര്‍ കേട്ടത്. അഭിനയത്തില്‍ മാത്രമല്ല, ഇവന്റ് പ്ലാനിങ്ങിലും തനിക്ക് തിളങ്ങാനാകുമെന്ന് ആ രണ്ട് ചടങ്ങുകളിലൂടെയും അപര്‍ണ തെളിയിച്ചു.

അത്രയും മനോഹരമായിട്ടാണ് കാളിദാസ്-തരിണി, മാളവിക-നവനീത് വിവാഹ നിശ്ചയം അപര്‍ണയുടെ നേതൃത്വത്തിലുള്ള എലീസ്യന്‍ ഡ്രീംസ്‌കേപ്പ്‌സ് എന്ന കമ്പനി ഓര്‍ഗനൈസ് ചെയ്തത്. അപര്‍ണയും സുഹൃത്ത് മഹേഷ് രാജനുമാണ് ഇവന്റ് പ്ലാനിങ് കമ്പനിക്ക് നേതൃത്വം നല്‍കുന്നത്.

ഇപ്പോഴിതാ വസ്ത്രവ്യാപര രംഗത്തും അപര്‍ണ തന്റേതായ ഇടം കണ്ടെത്തുകയാണ്. ഹിപ്‌സ് വേ ഡോട്ട് കോം (hypsway.com) എന്ന ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമാണ് താരം ആരംഭിച്ചിരിക്കുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയാണ് അപര്‍ണയുടെ സംരംഭം ഔദ്യോഗികമായി ഇന്‍സ്റ്റഗ്രാമിലൂടെ പ്രഖ്യാപിച്ചത്.

‘അപര്‍ണയ്ക്ക് അഭിനന്ദനങ്ങള്‍, നിന്നെയോര്‍ത്ത് അഭിമാനം തോന്നുന്നു. പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകളും’- ഹിപ്‌സ് വേ ഡോട്ട് കോമിനെ പരിചയപ്പെടുത്തുന്ന വീഡിയോക്കൊപ്പം നയന്‍താര കുറിച്ചു. നയന്‍താരയ്ക്ക് നന്ദി പറഞ്ഞ് അപര്‍ണ പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

സുഹൃത്തുക്കളായ ആര്‍ക്കിടെക്ട് പൂജാ ദേവ്, ഡിജിറ്റല്‍ സാങ്കേതിക വിദഗ്ദ്ധനായ ബിയോ ഷാ എന്നിവരോടൊപ്പം ചേര്‍ന്നാണ് അപര്‍ണ പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്.

Related Articles

Back to top button