യൂനിവേഴ്സിറ്റി ഹോസ്റ്റലിൽ കൈയാങ്കളി; ലോ കോളജിലെ മൂന്ന് വിദ്യാർത്ഥികൾക്ക് മർദ്ദനം

തിരുവനന്തപുരം: പാളയം യൂനിവേഴ്സിറ്റി ഹോസ്റ്റലിൽ വിദ്യാർത്ഥികൾ തമ്മിലെ കൈയാങ്കളിയിൽ ലോ കോളേജ് വിദ്യാർത്ഥികൾക്ക് മർദ്ദനം. മൂന്നാം വർഷ വിദ്യാർത്ഥികളായ ശംഭു, അനിരുദ്ധ്, അർജുൻ എന്നിവർക്കാണ് കഴിഞ്ഞദിവസം രാത്രി മർദ്ദനമേറ്റത്. എസ്.എഫ്.ഐ വഞ്ചിയൂർ ഏരിയ ജോയന്റ് സെക്രട്ടറിയാണ് ശംഭു. ബുധനാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. ശംഭുവിനും അനിരുദ്ധിനും തലക്കും അർജുന് കാലിനുമാണ് പരിക്കേറ്റത്.
മെഡിക്കൽ കോളേജിൽ ചികിത്സതേടി. ഹോസ്റ്റലിലെ ലോ കോളേജ് വിദ്യാർത്ഥികൾക്കുള്ള വിഭാഗത്തിലായിരുന്നു സംഭവം. ഇവർക്ക് അടുത്തയാഴ്ച പരീക്ഷ തുടങ്ങുകയാണ്. പഠിക്കുന്നതിനിടെ അനധികൃതമായി ഇവിടെ താമസിക്കുന്ന ഒരുകൂട്ടം പേർ മദ്യപിച്ച് ബഹളംവെക്കുകയായിരുന്നു. പഠിക്കാനാകാത്ത സ്ഥിതിയുണ്ടായതോടെ ലോ കോളേജിലെ വിദ്യാർത്ഥികൾ ഇവരെ വിലക്കി. ഇതോടെ മുൻ വിദ്യാർത്ഥികൾ അനിരുദ്ധിന്റെ മുറിയിലെത്തി ഭീഷണിപ്പെടുത്തി. ഇത് ചോദ്യം ചെയ്തതോടെ ഇവർ താമസിക്കുന്ന മുറിയിൽ പോയി കമ്പിയും വടികളും മറ്റ് ആയുധങ്ങളുമായി മടങ്ങിയെത്തി ആക്രമിക്കുകയായിരുന്നെന്നാണ് പരാതി.
ലോ കോളേജ് വിദ്യാർത്ഥികൾക്കുള്ള ബ്ലോക്കിലെ ഒഴിഞ്ഞുകിടന്ന ഒരു മുറിയാണ് മുമ്പുണ്ടായിരുന്ന അന്തേവാസികൾ അനധികൃതമായി കൈയേറി ഉപയോഗിക്കുന്നതെന്നാണ് ആരോപണം. വിദ്യാർത്ഥികളുടെ പരാതിയിൽ അഞ്ചു പേർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. യൂനിവേഴ്സിറ്റി കോളേജിലെ മുൻ വിദ്യാർത്ഥികളാണിവർ.





