
കൊച്ചി: വൃഷ്ടി പ്രദേശങ്ങളിൽ മഴ (RAIN) കനത്തതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ((Mullaperiyar dam)) ജലനിരപ്പ് വീണ്ടും ഉയർന്നു. നിലവിൽ 137.75 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഇന്നലെ രാവിലെ മുതൽ 137.60 അടിയായിരുന്ന ജലനിരപ്പ് അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ കനത്തതോടെയാണ് വീണ്ടും ഉയർന്നത്.
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ വ്യാപക മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ കൂടി ജലനിരപ്പ് ഉയർന്ന് മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കേണ്ട സാഹചര്യമുണ്ടായാൽ സ്വീകരിക്കേണ്ട നടപടികൾ കേരളം തയ്യാറാക്കിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും തമിഴ് നാടിന്റെ ആവശ്യത്തിനും പുതിയ അണക്കെട്ട് വേണമെന്നാണ് കേരളത്തിന്റെ ആവശ്യം.
അതേ സമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിക്ക് താഴെ നിര്‍ത്തണമെന്ന കേരളത്തിന്‍റെ ആവശ്യത്തെ എതിര്‍ത്ത് മേൽനോട്ട സമിതി സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചു. ജലനിരപ്പിൽ മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്ന നിലപാടാണ് മേൽനോട്ട സമിതി സ്വീകരിച്ചത്. സമിതിയുടെ ശുപാര്‍ശയിൽ മറുപടി നൽകാൻ കേരളത്തിന് സുപ്രീം കോടതി സമയം നൽകി. മഴ സാധ്യത കണക്കിലെടുത്ത് ഒക്ടോബർ 30 വരെ ജലനിരപ്പ് കേരളത്തിന്റെ റൂൾ കർവായ 136 അടിയിൽ നിലനിർത്തണമെന്നും ഇക്കാര്യം സുപ്രീം കോടതിയെ അറിയിക്കുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
മുല്ലപ്പെരിയാറിൽ ജലനിരപ്പ് ക്രമീകരിക്കേണ്ട അടിയന്തിര സാഹചര്യമില്ലെന്നായിരുന്നു മേൽനോട്ട സമിതി സുപ്രീംകോടതിയെ അറിയിച്ച നിലപാട്. അണക്കെട്ടിന്‍റെ സുരക്ഷ പ്രശ്നങ്ങൾ 2006ലും 2014ലും സുപ്രീംകോടതി തള്ളിയതാണ്. ഇക്കാര്യങ്ങളിൽ സമിതിയുടെ അഭിപ്രായങ്ങളെ കേരളം എതിര്‍ക്കുകയാണെന്നും മേൽനോട്ട സമിതിക്ക് വേണ്ടി അഡീഷണൽ സോളിസിറ്റര്‍ ജനറൽ ഐശ്വര്യ ഭാട്ട്യ വാദിച്ചു. എന്നാൽ വര്‍ഷങ്ങൾക്ക് മുമ്പത്തെ അവസ്ഥയായിരിക്കില്ല ഇന്ന് അണക്കെട്ടിനെന്ന് പറഞ്ഞ കോടതി, സുരക്ഷ പ്രശ്നങ്ങൾ ഗൗരവത്തോടെ കാണണമെന്ന് വ്യക്തമാക്കി.





