
കൂരാച്ചുണ്ട് : കക്കയത്ത് ജനവാസമേഖലയിലെ കൃഷിയിടത്തിലിറങ്ങി കാട്ടുപോത്തുകളുടെ വിളയാട്ടം പ്രദേശവാസികളെ ആശങ്കയിലാക്കി. വീട്ടുമുറ്റത്തുവരെ കാട്ടുപോത്തിൻകൂട്ടം ഇറങ്ങിയതിനാൽ രാത്രികാലത്ത് പുറത്തിറങ്ങാൻപോലും ഭയമാണെന്ന് നാട്ടുകാർ പറഞ്ഞു. കക്കയം ഡാം സൈറ്റ് റോഡിൽ ഏഴാംപാലത്തിന് സമീപമാണ് കാട്ടുപോത്തുകൾ എത്തി കൃഷിനശിപ്പിച്ചത്. കോയിക്കൽ കുന്നേൽ ജോർജിന്റെ മൂന്നുവർഷം കഴിഞ്ഞ റബ്ബർത്തൈകൾ നശിപ്പിച്ചു. പുത്തൻപുരയ്ക്കൽ ജിബി, മണ്ണനാൽ സ്‌കറിയ എന്നിവരുടെ കോക്കോ, കവുങ്ങ് തുടങ്ങിയ കൃഷികളെല്ലാം നശിപ്പിച്ചു.
കോയിക്കൽ കുന്നേൽ ജോൺസൺ, കൊച്ചുപുരയ്ക്കൽ ജോസഫ്, കുന്നുംപുറം രാമചന്ദ്രൻ എന്നിവരുടെ വീട്ടുമുറ്റത്തുവരെ കാട്ടുപോത്തുകളെത്തി. കാട്ടുപന്നി, കുരങ്ങ്, മുള്ളൻപന്നി, മലയണ്ണാൻ തുടങ്ങിയ വന്യജീവികൾ കൃഷിനശിപ്പിക്കുന്നത് മേഖലയിൽ വ്യാപകമാണ്.
നാളികേരമെല്ലാം കരിക്കാകുമ്പോൾത്തന്നെ കുരങ്ങുകൾ പറിക്കുകയാണ്. ഇതിനുപുറമേയാണ് ഇപ്പോൾ കാട്ടുപോത്തും കൃഷിയിടത്തിലേക്ക് എത്തുന്നത്. ഒരാഴ്ചയായി സ്ഥിരമായി കാട്ടുപോത്ത് ജനവാസമേഖലയിലേക്ക് ഇറങ്ങുകയാണ്. നേരത്തേ, കക്കയം ഡാംസൈറ്റ് റോഡിൽ വനമേഖലയ്ക്കുസമീപമാണ് കാട്ടുപോത്ത് ഇറങ്ങാറുണ്ടായിരുന്നത്. ഇപ്പോൾ കക്കയം ടൗണിനടുത്തുള്ള സ്ഥലത്തേക്കും എത്തിത്തുടങ്ങി.
റബ്ബർടാപ്പിങ്ങിന് അതിരാവിലെ തൊഴിലാളികൾ യാത്രചെയ്യുന്ന മേഖലയായതിനാൽ കാട്ടുപോത്തുകൾ ജനവാസമേഖലയിൽ ഇറങ്ങുന്നതുതടയാൻ വനംവകുപ്പ് ഇടപെടണമെന്ന് വിഫാം നേതാക്കളായ തോമസ് വെളിയംകുളം, ജോൺസൺ കക്കയം, തോമസ് പോക്കാട്ട് എന്നിവർ ആവശ്യപ്പെട്ടു. വനപാലകർ പ്രദേശത്ത് രാത്രികാല പട്രോളിങ് നടത്തി വന്യമൃഗങ്ങളെ ജനവാസപ്രദേശത്തുനിന്ന് തുരത്തണം. കക്കയംവാലിയിൽനിന്ന് കൃഷിയിടങ്ങളിലേക്ക് കാട്ടുപോത്തുകൾ ഇറങ്ങുന്നത്. ഈ വഴിയിൽ സോളാർവേലി സ്ഥാപിക്കണം. പ്രശ്നപരിഹാരമുണ്ടാക്കിയില്ലെങ്കിൽ സമരരംഗത്തിറങ്ങുമെന്നും വിഫാം നേതാക്കൾ പറഞ്ഞു.





