Ernakulam

ആലുവയിൽ 5 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ വിധി നാളെ

Please complete the required fields.




കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ നാളെ വിധി പറയും. 26 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കിയാണ് എറണാകുളം പോക്സോ കോടതി അതിവേഗം വിധി പ്രസ്താവിക്കുന്നത്. കൊലപാതകവും ബലാത്സംഗവുമടക്കം 16 കുറ്റങ്ങളാണ് പ്രതിയായ ബിഹാർ സ്വദേശി അസഫാക് ആലത്തിനെതിരെ ചുമത്തിയത്. ജൂലൈ 28 നായിരുന്നു കേരള മനസാക്ഷിയെ ഞെട്ടിച്ച ആ സംഭവം ഉണ്ടായത്.

ആലുവയിൽ അതിഥി തൊഴിലാളികളുടെ മകളായ പിഞ്ചുബാലികയെ ക്രൂര ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പ്രത്യേകസംഘം രൂപീകരിച്ചായിുന്നു അന്വേഷണം. 30 ദിവസത്തിനുള്ളിൽ കുറ്റപത്രം വന്നു. ഒക്ടോബർ 4ന് തുടങ്ങിയ വിചാരണ 26 ദിവസത്തിനുള്ളിൽ പൂർത്തിയാക്കി മിന്നൽ വേഗത്തിൽ വിധി പറയുന്നത്. ബിഹാർ സ്വദേശി അസ്‍ഫാക് ആലം മാത്രമാണ് കേസിലെ പ്രതി.

പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾക്ക് പുറമെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി 16 കുറ്റങ്ങളാണ് അസ്ഫാക്കിനെതിരെ ചുമത്തിയത്. മൂന്നെണ്ണത്തിന് പരമാവധി വധ ശിക്ഷവരെ ലഭിക്കാം. കുട്ടിയുടെ വീടിനടുത്ത് തന്നെയായിരുന്നു അസഫാക്കും താമസിച്ചിരുന്നത്. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ജ്യൂസ് വാങ്ങിക്കൊടുത്ത് പ്രലോഭിപ്പിച്ച് ആലുവ മാർക്കറ്റിലെ മാലിന്യകൂമ്പാരത്തിന് പിന്നിലെത്തിച്ച് മദ്യം കുടിപ്പിച്ചായിരുന്നു കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്.

തെളിവ് നശിപ്പിക്കാൻ കുട്ടി ധരിച്ചിരുന്ന ബനിയൻ തന്നെ എടുത്ത് കഴുത്ത് ഞെരിച്ച് കൊന്നു. മുഖം കല്ലുകൊണ്ട് ഇടിച്ച് വികൃതമാക്കി. കുഞ്ഞിനെ ചാക്കിൽ കെട്ടി കരിയിലകൾക്കുള്ളിൽ മൂടി. പ്രതിയെ അന്ന് തന്നെ പിടികൂടിയിരുന്നു. 50 ഓളം സിസിടിവി ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും ശേഖരിച്ചായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. ബലാത്സംഗക്കേസിൽ പ്രതി മുൻപും ജയിലിൽ കിടന്നിട്ടുണ്ട്. ഇതടക്കം എല്ലാം പരിശോധിച്ചാണ് എറണാകുളത്തെ പോക്സോ കോടതി വിധി എഴുതുന്നത്.

Related Articles

Back to top button