വിദ്യാർഥിനിയെ ബസിൽനിന്ന് തള്ളി താഴെയിട്ട സംഭവം; സ്വകാര്യ ബസ് കണ്ടക്ടർ പിടിയിൽ

തൃശ്ശൂർ : പെരുമ്പിലാവിൽ 12 വയസ്സുള്ള വിദ്യാർഥിനിയെ ബസിൽനിന്ന് തള്ളി താഴെയിട്ട സംഭവത്തിൽ സ്വകാര്യ ബസ് കണ്ടക്ടർ കുന്നംകുളം പൊലീസ് പിടിയിൽ. കോഴിക്കോട് -തൃശൂർ റൂട്ടിൽ സർവിസ് നടത്തുന്ന ജോണീസ് ബസിലെ കണ്ടക്ടർ മുണ്ടൂർ കൊരട്ടി വീട്ടിൽ മെജോയെ (42) ആണ് സി.ഐ യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകീട്ട് പെരുമ്പിലാവിലായിരുന്നു സംഭവം. കുന്നംകുളത്തെ സ്കൂളിൽനിന്ന് വീട്ടിലേക്കുള്ള യാത്രക്കിടയിലായിരുന്നു കുട്ടിയെ തള്ളിയിട്ടത്. കുട്ടി വീട്ടുകാരോട് ഇക്കാര്യം പറഞ്ഞതോടെ പരാതിയുമായി സ്റ്റേഷനിൽ എത്തുകയായിരുന്നു. ദീർഘദൂര ബസിൽ കയറിയതിലുള്ള വിരോധമാണ് സംഭവത്തിന് കാരണമായതെന്ന് അറിയുന്നു. തുടർന്ന് ബസും പൊലീസ് പിടിച്ചെടുത്തു.





