
പന്തളം: നിയന്ത്രണം വിട്ട ടോറസ് ലോറി കാറിൽ ഇടിച്ചശേഷം വീട്ടിലേക്ക് ഇടിച്ചുകയറി. പന്തളം – മാവേലിക്കര റോഡിൽ മങ്ങാരം കുന്നിക്കുഴി ജങ്ഷന് സമീപം തിങ്കളാഴ്ച പുലർച്ച 3.45 ഓടുകൂടിയായിരുന്നു അപകടം. നാഷനൽ ഹൈവേ നിർമാണത്തിന് ഹരിപ്പാട്ട് മണ്ണിറക്കിയശേഷം അടൂരിലേക്ക് വരുകയായിരുന്ന ടോറസ് ലോറി എതിരെ വന്ന ഇടപ്പോൺ സ്വദേശി അഡ്വ. ദേവദാസിന്റെ കാറിൽ ഇടിച്ചശേഷം നിയന്ത്രണം വിട്ട് മങ്ങാരം കുന്നിക്കുഴി ഹരിഗീതയിൽ രംഗനാഥന്റെ വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
രംഗനാഥന്റെ ഭാര്യ ഗീതാകുമാരി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇടിയുടെ ആഘാതത്തിൽ വീടിന്റെ മുൻഭാഗം ഭാഗികമായി തകർന്ന് ബെഡ്റൂമിൽ കല്ലുകൾ വീഴുകയായിരുന്നു. ലോറി ഇടിച്ച കാർ നിയന്ത്രണം വിട്ട് സമീപത്തെ മുട്ടാർ സ്വദേശി ശിബിലിഖാന്റെ ഉടമസ്ഥതയിലുള്ള ഫർണിച്ചർ കടയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല.
ഇടപ്പാൾ സ്വദേശിയായ അഡ്വ.ദേവദാസ് മകനെ പഠനാവശ്യത്തിന് തൊടുപുഴക്ക് ബസ് കയറ്റിവിട്ട ശേഷം ഇടപ്പോണിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.





