
കൊച്ചി: എറണാകുളം ആലുവയിൽ കഞ്ചാവ് സംഘത്തെക്കുറിച്ച് പൊലീസിന് വിവരം നൽകിയ യുവാവിന് ക്രൂരമർദ്ദനം. വടാട്ടുപാറ സ്വദേശി ആൽബർട്ടിനെയാണ് കഞ്ചാവ് സംഘം മർദ്ദിച്ചത്. ഇന്ന് രാവിലെ ആലുവ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ വൈകുന്നേരം റെയിൽവേ സ്റ്റേഷന് സമീപം .ചിലർ കഞ്ചാവ് വിൽപന നടക്കുന്നത് കണ്ട യുവാവ് പരിചയത്തിലുള്ള ഒരു പൊലീസുകാരനെ വിളിച്ച് അറിയിച്ചിരുന്നു.
ഇതറിഞ്ഞ കഞ്ചാവ് സംഘം ഇവിടെ നിന്ന് ഓടിരക്ഷപെടുകയും ചെയ്തിരുന്നു. തുടർന്ന്, ഇതിന്റെ വൈരാഗ്യത്തിൽ ഇന്ന് രാവിലെ സംഘം വീണ്ടുമെത്തി യുവാവിനെ മർദ്ദിക്കുകയായിരുന്നു. റെയിൽവേ സ്റ്റേഷൻ പരിസരത്ത് ചായ കുടിക്കാനെത്തിയപ്പോഴായിരുന്നു യുവാവിനെ കഞ്ചാവ് വിൽപ്പനക്കാർ വളഞ്ഞിട്ട് മർദ്ദിച്ചത്. ‘നീ പൊലീസുകാരെ അറിയിക്കുമല്ലേടാ’ എന്നടക്കം ചോദിച്ച് ആക്രോശിച്ചായിരുന്നു മർദ്ദനം. കഴിഞ്ഞദിവസമായിരുന്നു ജോലി തേടി യുവാവ് ആലുവയിലെത്തിയത്. സംഭവത്തിൽ യുവാവ് ആലുവ പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾക്കായി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.





