
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന മുതിര്‍ന്ന ഡോക്ടര്‍ക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ യുവ വനിതാ ഡോക്ടറുടെ മൊഴിയെടുത്തു. വിദേശത്തുള്ള ഇവരില്‍ നിന്ന് ഫോണിലൂടെയാണ് സെന്‍ട്രല്‍ പൊലീസ് മൊഴിയെടുത്തത്. വനിതാ ഡോക്ടറുടെ പരാതിയില്‍ ആലുവ ജില്ലാ ആശുപത്രിയിലെ ജനറല്‍ ഫിസിഷ്യന്‍ ഡോ. ജി മനോജിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
ഇരുവരും ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന കാലത്തെ രേഖകള്‍ പൊലിസ് ശേഖരിക്കും. തുടര്‍ന്ന് ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് മനോജിന് നോട്ടിസ് നല്‍കും. കേസില്‍ ആരോഗ്യ വിഭാഗം വിജിലന്‍സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വനിതാ ഡോക്ടര്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് ഡോ. മനോജിനെതിരെ കേസെടുത്തത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.
2019ല്‍ എറണാകുളം ജില്ലാ ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുമ്പോള്‍ നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് വനിതാ ഡോക്ടര്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ നിര്‍ദേശം. അതിക്രമമുണ്ടായതിന് പിന്നാലെ വിവരം സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നുവെന്ന് വനിതാ ഡോക്ടര്‍ പറഞ്ഞിരുന്നു. എന്നാല്‍ അന്ന് പരാതിയൊന്നും നല്‍കിയിരുന്നില്ല.
ഇപ്പോഴാണ് ഇതുസംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി വനിതാ ഡോക്ടര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും ആശുപത്രി സൂപ്രണ്ടിനും യുവതി പരാതി നല്‍കിയിട്ടുണ്ട്. ഇ-മെയില്‍ മുഖേനയാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കിയത്.





