
ഇടുക്കി: ഇടുക്കി ചെമ്മണ്ണാറിൽ തെരുവ് നായ ആക്രമണം. സ്കൂൾ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് തെരുവുനായ കടിച്ചത്. ടൗണിൽ നിന്നിരുന്ന വയോധികനെയും തെരുവ് നായ ആക്രമിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടയിൽ ഉടുമ്പഞ്ചോല താലൂക്കിൽ അഞ്ചു പേർക്കാണ് തെരുവുനായുടെ കടിയേറ്റത്.
ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് സ്കൂൾ മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന അഞ്ചാം ക്ലാസുകാരൻ അരുണിനാണ് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇടുപ്പിനാണ് കടിയേറ്റത്. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അധ്യാപകരും വ്യാപാരികളും ചേർന്ന നായയെ ഓടിക്കുകയായിരുന്നു.
അരുണിനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ച ചികിത്സ നൽകി. കുട്ടിയെ കൂടാതെ ടൗണിൽ നിന്നിരുന്ന 72 കാരനായ മോഹൻ ദാസിനും തെരുവുനായുടെ ആക്രമണത്തിൽ പരിക്കേറ്റു. ഇയാളും നെടുങ്കണ്ടം ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം രാജകുമാരിയിൽ വച്ച് മൂന്ന് പേർക്ക് തെരുവ് നായുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഒരു 11 കാരൻ ഉൾപ്പെടെ മൂന്ന് പേർക്കാണ് കടിയേറ്റത്.





