സംസ്ഥാനത്ത് മഴ അതി തീവ്രമഴ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ അതി തീവ്രമായി തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 6, 2023, വ്യാഴം) അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കോട്ടയം, തിരുവല്ല-മല്ലപ്പള്ളി താലൂക്ക്, കാസർകോഡ്, കുട്ടനാട് താലൂക്ക്, പാലക്കാട്, പൊന്നാനി താലൂക്ക് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂർ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗനവാടി, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം നാളെ (06.07.2023) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കോഴിക്കോട് കോഴിക്കോട് ജില്ലയിലും നാളെ (ജൂലൈ 6, 2023, വ്യാഴം) അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ നാളെ (ജൂലൈ 6, 2023, വ്യാഴം) അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികൾക്കും അവധി ബാധകമാണ്. തിരുവല്ല, മല്ലപ്പള്ളി താലൂക്ക് തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിൽ ഉൾപ്പെടുന്ന അംഗൻവാടികൾ മുതൽ പ്രൊഫഷണൽ കോളേജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (ജൂലൈ 6, 2023, വ്യാഴം) അവധി പ്രഖ്യാപിച്ചതായി അറിയിക്കുന്നു. മുൻനിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.
കോട്ടയം മഴ അതിതീവ്രമായി തുടരുന്ന ജില്ലകളിലൊന്നായ കോട്ടയത്ത് നാളെയും (ജൂലൈ 6, 2023, വ്യാഴം) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. അതേ സമയം മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല. എം.ജി. സര്‍വകലാശാല നാളത്തെ പരീക്ഷകള്‍ മാറ്റിവച്ചു. മഹാത്മാ ഗാന്ധി സര്‍വകലാശാല നാളെ (ജൂലൈ 6, 2023, വ്യാഴം) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാന്‍സലര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
കാസർകോഡ് കാസർകോഡ് ജില്ലയിലും നാളെ (ജൂലൈ 6, 2023, വ്യാഴം) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല. കുട്ടനാട് താലൂക്ക് ജലനിരപ്പ് ക്രമാതീതമായി ഉയരാൻ സാധ്യതയുള്ളതിനാൽ (ജൂലായ് 06) ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ അങ്കണവാടികളും പ്രൊഫഷണൽ കോളേജുകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ച് ഉത്തരവായി. മുൻ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമില്ല.
പാലക്കാട് മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിൽ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 6) അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. അങ്കണവാടികൾ, സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ അവധി ബാധകമാണ്. പൊന്നാനി താലൂക്ക് കനത്ത മഴയും കടലാക്രമണവും തുടരുന്നതിനാൽ പൊന്നാനി താലൂക്ക് പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ (ജൂലൈ 6, 2023, വ്യാഴം) അവധി പ്രഖ്യാപിച്ചു. യൂണിവേഴ്സിറ്റി പരീക്ഷകൾ, പി എസ് സി പരീക്ഷകൾ എന്നിവ മുൻനിശ്ചയപ്രകാരം മാറ്റമില്ലാതെ നടക്കും. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും മദ്രസകൾക്കും അവധി ബാധകമാണ്.





