
കോഴിക്കോട്: മെഡിക്കൽ കോളേജിൽ മലിനജലം ശുദ്ധീകരിക്കാൻ പുതിയ രണ്ടു പ്ലാന്റുകൂടി ഒരുങ്ങുന്നു. രണ്ട്, ഒന്ന് വീതം എം.എൽ.ഡി മലിനജലം ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ലാന്റുകൾ ജൂലായ് 15നും 31നുമായി കമ്മിഷൻ ചെയ്യും. നിലവിൽ രണ്ട് എം.എൽ.ഡി ശേഷിയുള്ള ട്രീറ്റ്മെന്റ് പ്ലാന്റും 500 കെ.എൽ.ഡി ശേഷിയുള്ള മറ്റൊന്നുമാണ് മെഡിക്കൽ കോളേജിലുള്ളത്. പുതിയ പ്ലാൻറുകൾകൂടി പ്രവർത്തനം തുടങ്ങുന്നതോടെ പ്രതിദിനം അഞ്ചര എം.എൽ.ഡി മലിനജലം ശുദ്ധീകരിക്കാനാകും. മെഡിക്കൽ കോളേജിലും അനുബന്ധ സ്ഥാപനങ്ങളിലുമായി ഒരുദിവസം നാലര എം.എൽ.ഡി മലിനജലമാണ് പുറംതള്ളുന്നത്.
ഇപ്പോഴുള്ള എസ്.ടി.പിക്ക് സമീപം നിർമിച്ച രണ്ട് എം.എൽ.ഡി ശേഷിയുള്ള പുതിയ പ്ലാന്റിൽ സൂപ്പർസ്പെഷ്യാലിറ്റി, ടെർഷ്യറി കാൻസർ സെന്റർ, നെഞ്ചുരോഗാശുപത്രി, ഹോസ്റ്റലുകൾ, പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, കെ.എസ്.ഇ.ബി ഓഫീസുകൾ, ഇന്ത്യൻ കോഫി ഹൗസ് എന്നിവിടങ്ങളിൽ നിന്നുള്ള മലിനജലമാണ് ശുദ്ധീകരിക്കുക. ഒരു എം.എൽ.ഡി. ശേഷിയുള്ള രണ്ടാമത്തെ പ്ലാന്റ് ഡെന്റൽ കോളേജിനു സമീപമാണ്. ഡെന്റൽ കോളേജ്, നഴ്സിങ് കോളേജ്, ലക്ചർ തിയേറ്റർ കോംപ്ലക്സ്, ഹോസ്റ്റലുകൾ, എം.സി.എച്ച് പേ വാർഡ്, മോർച്ചറി, ലോൻഡ്രി എന്നിവിടങ്ങളിലെ മലിനജലം ഇവിടെ ശുദ്ധീകരിക്കും. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 14.2 കോടി ചെലവിൽ അത്യാധുനിക ഇലക്ട്രോകോഗുലേഷൻ സംവിധാനത്തിൽ നിർമിക്കുന്ന പുതിയ രണ്ട് എസ്.ടി.പികൂടി പ്രവർത്തനസജ്ജമാവുന്നതോടെ ആശുപത്രിയിലെ മലിനജലം പൂർണമായും ശുദ്ധീകരിക്കാനാകും. കൊച്ചിയിലെ എൽ.സി.ജി.സി കമ്പനിയാണ് 2 വർഷം കൊണ്ട് പുതിയ പ്ലാന്റുകൾ നിർമിച്ചത്.





