
എറണാകുളം: മോൻസൺ മാവുങ്കൽ ഒന്നാം പ്രതിയായ പുരാവസ്തു തട്ടിപ്പുകേസിൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. ചോദ്യം ചെയ്യലിന് ഈ മാസം 23ന് കളമശ്ശേരി ഓഫിസിൽ ഹാജരാകണമെന്നാണ് ക്രൈംബ്രാഞ്ച് നിർദേശിച്ചിട്ടുള്ളത്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് സുധാകരന് നോട്ടീസ് നൽകിയിരുന്നു.
എന്നാൽ, പാർട്ടി പരിപാടി ഉള്ളതിനാൽ സമയം നീട്ടി നൽകണമെന്ന് സുധാകരൻ ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടു. ഇതേതുടർന്നാണ് 23ന് ഹാജരാകാൻ വീണ്ടും നോട്ടീസ് നൽകിയത്. അതേസമയം, മോൻസൺ മാവുങ്കൽ തട്ടിപ്പുകേസിൽ കെ. സുധാകരന്റെ അറസ്റ്റിന് ക്രൈംബ്രാഞ്ച് നിയമോപദേശം തേടുന്നതായാണ് വിവരം.
ഇതോടെ, മുൻകൂർ ജാമ്യത്തിനായി കെ. സുധാകരൻ ഹൈകോടതിയെ സമീപിക്കാനും ആലോചനയുണ്ട്. മോൻസൺ മാവുങ്കൽ ഒന്നാം പ്രതിയായ പുരാവസ്തു തട്ടിപ്പുകേസിൽ സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈംബ്രാഞ്ച് എറണാകുളം എ.സി.ജെ.എം കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.





