
ന്ത്യൻ പരിശീലകനാവാൻ രാഹുൽ ദ്രാവിഡിന് ബിസിസിഐ നൽകുന്ന ശമ്പളം 10 കോടി രൂപയെന്ന് റിപ്പോർട്ട്. ഇതോടെ ഇന്ത്യൻ പരിശീലകരിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ആളായി ദ്രാവിഡ് മാറും. ദ്രാവിഡിനൊപ്പം ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ബൗളിംഗ് പരിശീലകൻ പരസ് മാംബ്രെ ഇന്ത്യൻ ടീമിൻ്റെ ബൗളിംഗ് പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നും റിപ്പോർട്ടുണ്ട്.
ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതല വഹിക്കുകയാണ് രാഹുൽ ദ്രാവിഡ് ഇപ്പോൾ. നേരത്തെ ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യൻ ടീമിനെ രാഹുൽ ദ്രാവിഡ് പരിശീലിപ്പിച്ചിരുന്നു. ഇന്ത്യ എ, അണ്ടർ 19 ടീമുകളേയും ദ്രാവിഡ് പരിശീലിപ്പിച്ചിട്ടുണ്ട്. ഐപിഎൽ ടീമുകളുടെ ഉപദേശകനുമായിരുന്നു.
ടി-20 ലോകകപ്പിനു ശേഷം നടക്കുന്ന ന്യൂസീലൻഡ് പരമ്പര മുതലാണ് ദ്രാവിഡ് ഇന്ത്യയെ പരിശീലിപ്പിക്കുക. ടി-20 ലോകകപ്പിന് ശേഷം രണ്ട് ടെസ്റ്റും മൂന്ന് ടി20യുമാണ് കിവീസിനെതിരെ ഇന്ത്യ കളിക്കുക. ഈ പരമ്പര മുതൽ 2023 ഏകദിന ലോകകപ്പ് വരെ ദ്രാവിഡ് ഇന്ത്യൻ ടീം പരിശീലകനായി തുടരും.
ലോകകപ്പിന് ശേഷം ആരംഭിക്കുന്ന ഇന്ത്യ- ന്യൂസിലാൻഡ് ടി-20 പരമ്പരയിൽ സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. മൂന്ന് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ യുവ താരങ്ങൾക്ക് അവസരം നൽകുമെന്നാണ് സൂചന. ഐപിഎല്ലിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് യുവ നിരയെ തിരഞ്ഞെടുക്കുന്നത്.
നാല് മാസത്തിനിടെ മുതിർന്ന താരങ്ങൾ തുടർച്ചയായ മൂന്ന് ബയോ ബബിളുകളുടെ ഭാഗമായിരുന്നു. ടി 20 ലോകകപ്പിന് ശേഷം, ഡിസംബർ അവസാനം ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുമ്പ് ഈ താരങ്ങൾക്ക് ഇടവേള ആവശ്യമാണെന്ന് സെലക്ഷൻ കമ്മിറ്റി അംഗം അറിയിച്ചു. കോലി, ബുംറ, മുഹമ്മദ് ഷമി എന്നിവർക്ക് വിശ്രമം നൽകുമെന്നാണ് നിഗമനം.
ഇവരുടെ അഭാവത്തിൽ രുതുരാജ് ഗെയ്ക്വാദ്, ഹർഷൽ പട്ടേൽ, അവേഷ് ഖാൻ, വെങ്കിടേഷ് അയ്യർ തുടങ്ങിയവർക്ക് നറുക്ക് വീഴാനാവും സാധ്യത. നവംബർ 17, 19, 21 തീയതികളിൽ ജയ്പൂർ, റാഞ്ചി, കൊൽക്കത്ത എന്നിവിടങ്ങളിലാണ് ടി-20 മത്സരങ്ങൾ. നവംബർ 25 ന് കാൺപൂരിലും ഡിസംബർ 3 ന് മുംബൈയിലും രണ്ട് ടെസ്റ്റ് മത്സരങ്ങളും നടക്കും.





