
കോഴിക്കോട്: സംസ്ഥാനത്ത് ട്രോളിങ് നിരോധനം വെള്ളിയാഴ്ച തുടങ്ങാനിരിക്കെ മീൻപിടിത്തബോട്ടുകൾ മടങ്ങിത്തുടങ്ങി. പ്രജനനകാലത്ത് മീൻപിടിത്തം ഒഴിവാക്കാൻലക്ഷ്യമിട്ടുള്ള ട്രോളിങ്ങ് നിരോധനം ജൂൺ ഒൻപത് അർധരാത്രിമുതൽ ജൂലായ് 31-വരെ 52 ദിവസമാണ് ട്രോളിങ് നിരോധനം നീണ്ടുനിൽക്കുക. പരമ്പരാഗത തോണികൾക്ക് നിരോധനം ബാധകമല്ല.
പ്രതികൂലകാലാവസ്ഥയായതിനാൽ കടലിലുള്ള ഭൂരിഭാഗം ബോട്ടുകളും ഇതിനകം മീൻപിടിത്തം നിർത്തി ഹാർബറുകളിൽ തിരിച്ചെത്തിയിട്ടുണ്ട്. അവശേഷിക്കുന്നവ വെള്ളിയാഴ്ച രാത്രിയോടെ തീരത്തണയും. ഇതരസംസ്ഥാന ബോട്ടുകളും തൊഴിലാളികളും നാട്ടിലേക്ക് മടങ്ങിത്തുടങ്ങി.
പ്രതികൂലകാലാവസ്ഥയ്ക്കൊപ്പം മീനിന്റെ ലഭ്യതക്കുറവും ട്രോളിങ്ങിന് മുമ്പുതന്നെ മത്സ്യമേഖലയിൽ പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. ട്രോളിങ് തുടങ്ങുന്നതിന് മുമ്പുള്ള മാസങ്ങളിൽ ലഭിക്കുന്ന വരുമാനംകൊണ്ടാണ് ട്രോളിങ്കാലത്ത് മേഖലയിലുള്ളവർ പിടിച്ചുനിൽക്കുന്നത്. എന്നാൽ, ഇത്തവണ മീൻകുറഞ്ഞതുകാരണം വരുമാനത്തിലും വലിയകുറവുണ്ടായതായി ബോട്ടുടമകൾ പറയുന്നു. റേഷൻമാത്രമാണ് ട്രോളിങ്കാലത്ത് സൗജന്യമായി ലഭിക്കുന്നത്. ഇതോടൊപ്പം സാമ്പത്തികസഹായവും നൽകണമെന്ന് ഓൾ കേരള ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് കരിച്ചാലി പ്രേമൻ പറഞ്ഞു. ജില്ലയിൽ ആയിരത്തിഇരുനൂറോളം മീൻപിടിത്തബോട്ടുകളുണ്ട്.
ഇതരസംസ്ഥാനത്തുനിന്നെത്തുന്ന തോണികളിൽ ട്രോളിങ്ങിന് സമാനമായ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി മീൻപിടിക്കുന്നത് വ്യാപകമായിട്ടുണ്ട്. ഇത് തടയാനുള്ള നടപടികളുണ്ടാവണമെന്നും പ്രേമൻ ആവശ്യപ്പെട്ടു. 10,000 രൂപ യൂസർഫീ നൽകിയാൽ ഇതരസംസ്ഥാനതോണികൾക്കും മീൻപിടിത്തത്തിന് അനുമതി ലഭിക്കും.
ട്രോളിങ്ങ്കാലത്ത് പിടിച്ചുനിൽക്കാൻ തൊഴിലാളികൾക്ക് സാമ്പത്തികസഹായവും ലഭ്യമാക്കണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വി. ഉമേശനും ആവശ്യപ്പെട്ടു. തമിഴ്നാട് സർക്കാർ 1000 രൂപ സഹായം നൽകുന്നകാര്യം ഉമേശൻ ചൂണ്ടിക്കാട്ടി.





