
താമരശ്ശേരി : താമരശ്ശേരി സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ 15 ദിവസം നീണ്ടുനിൽക്കുന്ന അവധിക്കാല കായികപരിശീലന ക്യാമ്പിന് തുടക്കമായി. ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ, ബാഡ്മിന്റൺ ഇനങ്ങളിലായാണ് എട്ടിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്ക് പരിശീലനമൊരുക്കുന്നത്.
വോളിബോൾ പരിശീലനം അണ്ടോണ ആന്റേലേഴ്സ് ഗ്രൗണ്ടിലും ബാഡ്മിന്റൺ പരിശീലനം അവേലം എ.വി.എം. പ്ലേ സ്റ്റേഷനിലും ഫുട്ബോൾ പരിശീലനം അമ്പലമുക്കിലെ ഗ്രാമപ്പഞ്ചായത്ത് മിനി സ്റ്റേഡിയത്തിലുമായാണ് നടക്കുന്നത്. നോവ സ്പോർട്സ് അക്കാദമിയുടെയും ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെയും സഹകരണത്തോടെയാണ് പരിശീലനം.
ക്യാമ്പിൽ പരിശീലനം പൂർത്തിയാക്കുന്ന കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. അമ്പലമുക്ക് മിനി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റും മുൻ ഇന്ത്യൻ ഫുട്ബോൾ താരവുമായ യു. ഷറഫലി ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.
അക്കാദമി ചെയർമാൻ പി.പി. ഹാഫിസ് റഹിമാൻ അധ്യക്ഷനായി. ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹി സനൽ ചന്ദ്രൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്റഫ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹിമാൻ, വൈസ് പ്രസിഡന്റ് എം.കെ. സൗദാ ബീവി, എ. അരവിന്ദൻ, ജോൺ, അഷ്കർ അമ്പലമുക്ക്, എം. സുൽഫീക്കർ, ഷംസീർ എടവലം എന്നിവർ സംസാരിച്ചു.





