Kozhikode

തീരദേശത്തെ വീട് നിർമാണപ്രശ്‌നങ്ങൾ പരിഹരിക്കും; മന്ത്രി സജി ചെറിയാൻ

Please complete the required fields.




കോഴിക്കോട് : തീരദേശത്തെ വീട്‌ നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നം സർക്കാർതലത്തിൽ പരിഹരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. തീരമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള തീരസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വീട് നിർമാണത്തിന് അനുവാദം ലഭിച്ചവർക്ക് തീരസംരക്ഷണനിയമത്തിലെ നിയന്ത്രണംമൂലം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻവേണ്ട നടപടി സ്വീകരിക്കാൻ കളക്ടറോട് മന്ത്രി നിർദേശിക്കുകയും ചെയ്തു. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അവർ തയ്യാറാകുന്നതുവരെ പഠിപ്പിക്കാൻ സർക്കാർ തയ്യാറാണന്നും മന്ത്രി പറഞ്ഞു. കടലിൽനിന്ന് പിടിക്കുന്ന മത്സ്യത്തിന് ന്യായവില ഉറപ്പാക്കാൻ നടപടിയെടുക്കും. ആകെ 270 പരാതികൾ; പട്ടയപ്രശ്നം പരിഹരിക്കും

കോഴിക്കോട് നോർത്ത്-സൗത്ത് മണ്ഡലങ്ങളിലെ തീരസദസ്സിലെത്തിയത് 270 പരാതികൾ. നോർത്തിൽ 183 പരാതികളും സൗത്തിൽ 87-മാണ് എത്തിയത്. ശാന്തിനഗർ കോളനിയിൽ തീരസംരക്ഷണനിയമപ്രകാരം അർഹതയുള്ളവർക്ക് പട്ടയം നൽകാനും മറ്റുള്ളവരെ പുനർഗേഹം പദ്ധതിപ്രകാരം മാറ്റിപ്പാർപ്പിക്കാനും നിർദേശം നൽകി. വെള്ളയിൽ ഹാർബറിൽ ലഹരി ഉപയോഗത്തിനെതിരേ സി.സി.ടി.വി. സ്ഥാപിക്കാൻ ഫണ്ട് അനുവദിക്കും. വെള്ളയിൽ ഹാർബറിൽ ആഴംകൂട്ടിയതിന്റെ ഭാഗമായിവന്ന മണൽ നീക്കംചെയ്യും. കല്ലായിപ്പുഴയിലെ ചെളിനീക്കലുമായി ബന്ധപ്പെട്ട് വിവിധവകുപ്പുകളുടെ യോഗം ചേരും. ലഹരി ഉപയോഗത്തിനെതിരേ കൗൺസിലറുടെ നേതൃത്വത്തിൽ പ്രതിരോധസദസ്സുകൾ ഉണ്ടാവണമെന്ന നിർദേശവും വന്നു. മന്ത്രി അഹമ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. എന്നിവർ സദസ്സുകളിൽ അധ്യക്ഷരായി.

മേയർ ഡോ. ബീനാ ഫിലിപ്പ്, കളക്ടർ എ. ഗീത, ഫിഷറീസ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള, ഡെപ്യൂട്ടി ഡയറക്ടർ ബി.കെ. സുധീർ കിഷൻ, മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, ഡെപ്യൂട്ടി മേയർ മുസാഫീർ അഹമ്മദ്, ഫിഷറീസ് ഉത്തരമേഖല ജോയന്റ് ഡയറക്ടർ ആർ. അമ്പിളി എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button