
ലിമ: ദക്ഷിണ പെറുവിലെ സ്വർണ്ണ ഖനിയിലുണ്ടായ തീപിടിത്തത്തിൽ 27 തൊഴിലാളികൾ മരിച്ചു. അരിക്വിപ മേഖലയിലെ ലാ എസ്പെറാൻസ്-1 ഖനിയിലെ ടണലിലാണ് അപകടം. ഷോർട്ട് സർക്യൂട്ടാണ് സ്ഫോടനത്തിനും തീപിടിത്തത്തിനും കാരണമായതെന്ന് കരുതുന്നു. ഭൂനിരപ്പിൽനിന്ന് 100 മീറ്റർ താഴ്ചയിലായിരുന്നു തൊഴിലാളികൾ മരിച്ചുകിടന്നത്.
ശ്വാസം മുട്ടിയും പുക ശ്വസിച്ചുമാണ് മിക്കവാറും പേർ മരിച്ചതെന്ന് അധികൃതർ പറഞ്ഞു. പെറുവിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ഖനി ദുരന്തമാണിത്. സംഭവസ്ഥലത്ത് എത്രപേർ ഉണ്ടായിരുന്നുവെന്നും ആരെങ്കിലും ജീവനോടെ രക്ഷപ്പെട്ടോ എന്നും വ്യക്തമല്ല.





