
കോഴിക്കോട് : പ്രസവശസ്ത്രക്രിയയെത്തുടർന്ന് കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ അന്വേഷണപുരോഗതി അറിയിക്കാൻ നിർദേശിച്ചതിനെത്തുടർന്ന് പോലീസ് യുവതിയുടെ മൊഴിയെടുത്തു. പന്തീരാങ്കാവ് മലയിൽകുളങ്ങര അഷ്റഫിന്റെ ഭാര്യ ഹർഷിന വ്യാഴാഴ്ച മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലെത്തിയാണ് മൊഴി നൽകിയത്.
വയറ്റിൽ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത് 2022 സെപ്റ്റംബർ 17-ന് മാതൃശിശുസംരക്ഷണകേന്ദ്രത്തിൽ നടത്തിയ ശസ്ത്രക്രിയയിലാണെന്നും ഡോക്ടർമാർ ഓപ്പറേഷൻ ടേബിളിൽ ഉപയോഗിക്കുന്ന അറ്റംവളഞ്ഞ കത്രികയുടെ രൂപത്തിലുള്ള (ആർട്ടറി ഫോർസെപ്‌സ്) ഉപകരണമാണിതെന്ന് തെളിഞ്ഞതായും ഹർഷിന പറഞ്ഞു.
‘ഇത് മെഡിക്കൽ കോളേജിലേതാണെന്ന് വ്യക്തമാണ്. 2012 നവംബർ 23-നും 2016 മാർച്ച് 15-നും താമരശ്ശേരി ഗവ.താലൂക്കാശുപത്രിയിലാണ് ആദ്യ രണ്ടുപ്രസവങ്ങൾ നടന്നത്. രണ്ടും ശസ്ത്രക്രിയയിലൂടെയായിരുന്നു. താമരശ്ശേരി ഗവ. താലൂക്കാശുപത്രിയിൽ നടന്ന ആദ്യത്തെ പ്രസവത്തിനുശേഷം രണ്ടാംദിവസംതന്നെ സാധാരണനിലയിലായി. മൂന്നാമത്തെ പ്രസവത്തിനുമുമ്പ് നാലുതവണ സ്‌കാനിങ് നടത്തിയിരുന്നു. അന്ന് അസാധാരണമായി ഒന്നും കണ്ടെത്തിയിട്ടില്ല. 2017 നവംബർ 30-ന് മെഡിക്കൽ കോളേജിൽ നടന്ന മൂന്നാമത്തെ പ്രസവത്തിനുശേഷമാണ് ശാരീരിക അസ്വസ്ഥതകളും വയറുവേദനയും മറ്റും അനുഭവപ്പെട്ടുതുടങ്ങിയത്’ -ഹർഷിന പറഞ്ഞു.





