ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; റിപ്പോർട്ട് തേടി മന്ത്രി വി ശിവൻകുട്ടി

കോഴിക്കോട്: കോഴിക്കോട് പ്രസവ ശസ്ത്രക്രിയയ്ക്കിടയിൽ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ ഇടപെടൽ. എഴുകോൺ ഇഎസ്ഐ ആശുപത്രി സൂപ്രണ്ടിനോട് റിപ്പോർട്ട് തേടാൻ മന്ത്രി തൊഴിൽ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് നിർദ്ദേശിച്ചു. 2017 നവംബർ മാസത്തിലാണ് കോഴിക്കോട് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ പ്രസവ ശസ്ത്രക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്.
ഇഎസ്ഐ കോർപ്പറേഷൻ കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. കോർപ്പറേഷന് കീഴിൽ വരുന്ന ആശുപത്രിയാണ് എഴുകോണിലേത്. അതുകൊണ്ടു സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ നേരിട്ട് ഇടപെടാൻ പരിമിതികൾ ഉണ്ട്. എന്നാൽ സംസ്ഥാനത്തെ ഇഎസ്ഐയുടെ ചുമതലയുള്ള തൊഴിൽ മന്ത്രി എന്ന നിലയിലാണ് വി. ശിവൻകുട്ടിയുടെ ഇടപെടൽ. സംഭവം ദൗർഭാഗ്യകരമാണെന്നും ബന്ധപ്പെട്ട കേന്ദ്രസർക്കാർ അധികൃതർ സത്വര നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.





