
താമരശ്ശേരി: അമ്പായത്തോട്ടിലെ സ്വകാര്യ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന ക്വാറിയിൽ താമരശ്ശേരി താലൂക്ക് ഓഫീസ് റവന്യൂ സ്ക്വാഡ് നടത്തിയ പരിശോധനയിൽ രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു. ഡെപ്യൂട്ടി തഹസിൽദാർ ഉമാകാന്തൻ, സീനിയർ ക്ലാർക്കുമാരായ ലിജി, രേഖ, ഡ്രൈവർ സുനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി വാഹനങ്ങൾ പിടിച്ചെടുത്തത്.
അനധികൃതമായി പാറഖനനം നടക്കുന്നതായി കളക്ടർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഒരു മണ്ണുമാന്തിയന്ത്രവും ഒരു ടിപ്പർലോറിയും കസ്റ്റഡിയിലെടുത്തത്. റവന്യൂ സംഘത്തെ കണ്ട് ഡ്രൈവർമാർ കടന്നുകളഞ്ഞതിനാൽ താമരശ്ശേരി പോലീസിന്റെ സഹായത്തോടെയാണ് വാഹനം കസ്റ്റഡിയിലെടുത്തത്. അനധികൃത ഖനനം നടന്നതിനെത്തുടർന്ന് റവന്യൂസംഘം പരിശോധന നടത്തി ഇതിനു മുൻപും വാഹനങ്ങൾ പിടിച്ചെടുക്കുകയും പിഴചുമത്തുകയും ചെയ്തിരുന്നു.





