
താമരശ്ശേരി: കോഴിക്കോട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ വാറണ്ട് നിലനില്‍ക്കുന്ന പിടികിട്ടാപ്പുള്ളിയെ 20 വര്‍ഷത്തിന് ശേഷം പോലീസ് പിടികൂടി. താമരശ്ശേരി അമ്പായത്തോട് സ്കൂളിന് സമീപം താമസിക്കുന്ന എ എം വിനോദ് (40) നെയാണ് താമരശ്ശേരി ചുങ്കത്ത് വെച്ച് കുന്ദമംഗലം ഇന്‍സ്പെക്ടര്‍ യൂസഫ് നടുത്തറമ്മലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. പോലീസിനെ വെട്ടിച്ച് കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ ഏറെക്കാലം പ്രതി ഒളിവില്‍ കഴിഞ്ഞിരുന്നു.
2003 സെപ്തംമ്പര്‍ 26 ന് രാത്രി കുന്ദമംഗലം സ്റ്റേഷന് പരിതിയിലെ പെരിങ്ങളത്തെ വി.കെ ഫ്ലോര്‍ & ഒയില്‍ മില്ലില്‍ നിന്നും അന്ന് 22000 രൂപ വിലയുള്ള ഒന്‍പത് ചാക്ക് കൊപ്ര കടയുടെ പൂട്ട് പൊട്ടിച്ച് ഉളളില്‍ കടന്ന് കവര്‍ന്ന കേസിലും, 2003 ഡിസംമ്പര്‍ 19 ന് രാത്രി കെട്ടാങ്ങല്‍ വെച്ച് കടയുടെ മുന്നില്‍ സൂക്ഷിച്ച അന്ന് 42000 രൂപ വിലവരുന്ന രണ്ട് ടണ്‍ ഇരുമ്പ് കമ്പി മോഷ്ടിച്ച കേസിലും കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ പ്രതിയാണ്.
ഇതിനു പുറമെ താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ മൂന്ന് കേസിലും, ചേവായൂര്‍ സ്റ്റേഷനില്‍ ഒരു കേസിലും, മുക്കം സ്റ്റേഷനില്‍ ഒരു കേസിലും പിടികിട്ടാപ്പുള്ളിയാണ്.ഏതാനും ദിവസങ്ങളായി പ്രതി പോലീസ് നിരീക്ഷണത്തിലായിരുന്നു. താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപത്തെ ചില സുഹൃത്തുക്കളുടെ വീട്ടില്‍ പതിവായി പ്രതി എത്തുന്നുണ്ട് എന്ന് മനസ്സിലാക്കിയ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.





