വിലങ്ങാട് തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് തൊഴിലാളി മരിച്ച സംഭവം; കുട്ടികളെ പുറത്തിറക്കാതെ രക്ഷിതാക്കള്‍; ജനം ഭീതിയില്‍

നാദാപുരം: തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് തൊഴിലാളി മരിച്ചതോടെ വിലങ്ങാട് പാനോ, വാളുക്ക് മേഖലയിലെയും പരിസരങ്ങളിലെയും ജനങ്ങള്‍ ഭീതിയില്‍. കുട്ടികള്‍ അടക്കമുള്ളവരെ പുറത്തിറക്കാതിരിക്കുകയാണ് രക്ഷിതാക്കള്‍. കാവിലുമ്പാറയില്‍ നിന്ന് പാനോത്ത് എത്തി സ്ഥിര താമസമാക്കിയ പുത്തന്‍ വീട്ടില്‍ സുദേവന് (63) ആണ് ഇന്നലെ തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് മരിച്ചത്. കുരുമുളക് പറിക്കാന്‍ എത്തിയതായിരുന്നു സുദേവന്. തേനീച്ചകള്‍ കൂട്ടമായി കുത്തിയപ്പോള്‍ റോഡ് ലക്ഷ്യമാക്കി ഓടി വഴിയില്‍ വീണാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സുദേവന് മരിച്ചു കിടക്കുന്നത് കണ്ടത്. മുഖത്തും മറ്റും തേനീച്ചകളുടെ കുത്തേറ്റിരുന്നു.വളയം പൊലീസ് ഇന്‍സ്പെക്ടര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും നാട്ടുകാരും എത്തിയാണ് മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റാനുള്ള ക്രമീകരണം ചെയ്തത്.





