ഓണ്‍ലൈന്‍ റമ്മി ചൂതാട്ട പരിധിയില്‍ വരില്ല; സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി ഹൈക്കോടതി

തിരുവനന്തപുരം: ഓണ്‍ലൈന്‍ റമ്മിയ്ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി ഹൈക്കോടതി. വിവിധ ഗെയിമിങ് കമ്പനികളുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. 1960ലെ കേരള ഗെയിമിങ് ആക്ടില്‍ സെക്ഷന്‍ 14 എയില്‍ ഭേദഗതി വരുത്തിയാണ് സര്‍ക്കാര്‍ പണം നല്‍കാനുള്ള ഓണ്‍ലൈന്‍ റമ്മികളി നിയമ വിരുദ്ധമാക്കിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഓണ്‍ലൈന്‍ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങിയത്.
ഓണ്‍ലൈന്‍ റമ്മി ചൂതാട്ട പരിധിയില്‍ വരില്ലെന്നും സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഓണ്‍ലൈന്‍ റമ്മി, പോക്കര്‍ കളികള്‍ നിരോധിച്ചുള്ള ഉത്തരവാണ് റദ്ദാക്കിയിരുന്നത്. ഓണ്‍ലൈന്‍ വാതുവെപ്പ് ഗെയിമുകള്‍ നിരോധിച്ച തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവും മുന്‍പ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ഓണ്‍ലൈന്‍ ഗെയിമുകള്‍ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിയമാനുസൃത അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി.
1960 ലെ കേരള ഗെയിംമിംഗ് ആക്ട് നിയമം ഭേദഗതി ചെയ്താണ് വിജ്ഞാപനം ഇറക്കിയത്. നിലവിലുള്ള നിയമത്തില്‍ മാറ്റം വരുത്തിയ സര്‍ക്കാര്‍, പണം വെച്ചുള്ള ഓണ്‍ലൈന്‍ റമ്മി കളിയെ കൂടി ഉള്‍പ്പെടുത്തിയായിരുന്നു പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.





