
കോഴിക്കോട് ; സ്വകാര്യ ബസുകളുടെ നിയമലംഘനം കണ്ടെത്താനായി ആർടിഒ എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തി. 47 ബസുകൾക്കെതിരെ നടപടിയെടുത്തു. 58, 500 രൂപ പിഴ ഈടാക്കി. പരിശോധനയ്ക്ക് എൻഫോഴ്സ്മെന്റ് ആർടിഒ കെ.ബിജുമോൻ നേതൃത്വം നൽകി. പരിശോധനയ്ക്കൊപ്പം മൊഫ്യുസിൽ, പാളയം, കൊടുവള്ളി, ഫറോക്ക് ബസ് സ്റ്റാൻഡുകളിൽ ബസ് ജീവനക്കാർക്ക് ബോധവൽക്കരണവും നടത്തി.
ഗുരുതരമായ ഗതാഗത നിയമലംഘനം നടത്തുന്നതും പൊതുജനങ്ങളുടെ സുരക്ഷിതത്വത്തെ ബാധിക്കുന്ന രീതിയിൽ സർവീസ് നടത്തുന്നതുമായ ബസുകളിലെ ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും ലൈസൻസ് റദ്ദാക്കുമെന്ന് ആർടിഒ പറഞ്ഞു. നിയമലംഘനം നടത്തുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കും. എംവിഐമാരായ കെ.എം. ധനേഷ്, എം.കെ. പ്രഭീഷ്, സുരേഷ് കെ. വിജയൻ തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു.





