
കോഴിക്കോട് : കൗമാര കലയുടെ ഉത്സവത്തിൽ പങ്കു ചേരാൻ മലയാളത്തിന്റെ സാഹിത്യ നഗരത്തിലെത്തുന്ന വിശിഷ്ടാതിഥികളെ അക്ഷരോപഹാരം നൽകി സ്വീകരിക്കും.
61ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന – സമാപന സമ്മേളന ചടങ്ങുകളിൽ പങ്കെടുക്കുന്ന വിശിഷ്ട അതിഥികൾക്ക് കോഴിക്കോട്ടെ 61 സാഹിത്യകാരൻമാർ കയ്യൊപ്പിട്ട് നൽകുന്ന പുസ്തകങ്ങൾ ഉപഹാരമായി നൽകി സ്വീകരിക്കണമെന്ന് സംസ്ഥാന സ്കൂൾ കലോൽസവത്തിന്റെ സ്വീകരണ കമ്മറ്റി യോഗം തീരുമാനിച്ചു.
എഴുത്തുകാരുടെ വീടുകളിൽ എത്തി ജനപ്രതിനിധികളും കലോത്സവ കമ്മിറ്റി ഭാരവാഹികളും പുസ്തകങ്ങൾ ഏറ്റുവാങ്ങും. സ്വീകരണ കമ്മറ്റി യോഗത്തിൽ ചെയർമാൻ ഇ.കെ. വിജയൻ എം എൽ എ അധ്യക്ഷത വഹിച്ചു.
കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.കെ. നാസർ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ പി. ഗവാസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ മനോജ് മണിയൂർ,ഹയർസെക്കൻഡറി റീജിണൽ ഡയറക്ടർ ഡോ. അനിൽ പി എം, കെ.കെ. ബാലൻ, ഒ കെ ജയകൃഷ്ണൻ ,സി. ബിജു, എം.വിനോദ്, കെ.വി ആനന്ദൻ , കെ.പ്രദീപ്, ബൈജു മേരിക്കുന്ന്, വി.എം അജിത , കെ.സുധിന , ഡോ.വിദ്യ ജി , ബി.ബി ബിനീഷ്, പി ആദർശ് എന്നിവർ പ്രസംഗിച്ചു. സ്വീകരണ കമ്മറ്റി കൺവീനർ ടി. ഭാരതി സ്വാഗതം പറഞ്ഞു.
കലോത്സവത്തിലെ വിശിഷ്ട അതിഥികൾക്ക് നൽകുന്ന അക്ഷരോപഹാരത്തിലേയ്ക്കുള്ള ആദ്യ പുസ്തകം എം ടി വാസുദേവൻ നായരുടെ വസതിയിൽ വെച്ച് ഡിസം 23 ന് രാവിലെ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഏറ്റ് വാങ്ങുമെന്ന് റിസപ്ഷൻ കമ്മറ്റി കൺവീനർ ടി. ഭാരതി അറിയിച്ചു.





