
ബാലുശ്ശേരി: വിവാഹമോചനത്തിന് കേസ് കൊടുത്ത യുവതിയുടെ വീട് ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. ഭർത്താവ് നടുവണ്ണൂർ പരപ്പിൽ റയീസ് (35) ആണ് പൊലീസ് പിടിയിലായത്.
കണ്ണാടിപ്പൊയിൽ സ്വദേശിയായ യുവതി ഭർത്താവിന്റെ പീഡനത്തിൽ സഹികെട്ട് വിവാഹമോചന കേസ് കൊടുത്തെങ്കിലും വിവാഹമോചനത്തിന് റയീസ് തയാറായില്ല. വീട്ടിൽ കയറരുതെന്ന പ്രൊട്ടക്ഷൻ ഓർഡർ ലംഘിച്ച് വീട്ടിലെത്തിയും ഇയാൾ അക്രമം കാണിക്കാറുണ്ട്. ഒരു മാസം മുമ്പ് കോടതിയിൽവെച്ചും യുവതിയെ ആക്രമിച്ചതായി പറയുന്നു.
ലഹരിക്കടിപ്പെട്ട യുവാവ് നേരത്തേ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇന്നലെ വൈകീട്ട് കണ്ണാടിപ്പൊയിലിലെ യുവതിയുടെ വീട്ടിലെത്തിയ പ്രതി യുവതിയെ ക്രൂരമായി മർദിക്കുന്നതു കണ്ട് സമീപത്തെ തൊഴിലുറപ്പ് തൊഴിലാളികളെത്തി രക്ഷിക്കുകയായിരുന്നു.
തൊഴിലുറപ്പ് തൊഴിലാളികൾക്കു നേരെ റയീസ് നഞ്ചക്ക് വീശിയതിനെ തുടർന്നു ചില തൊഴിലാളികൾക്കും പരിക്കുണ്ട്. റയീസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച തൊഴിലുറപ്പു തൊഴിലാളികളുടെ മൊഴികൂടി എടുത്തശേഷം കോടതിയിൽ ഹാജരാക്കും





