Kozhikode

വളർത്തുമൃഗങ്ങൾക്കു വാക്സിനേഷൻ: നടപടിക്ക് വേഗം കൂട്ടി

Please complete the required fields.




കോഴിക്കോട്: പേവിഷബാധയും മൃഗങ്ങളിൽ നിന്നു കടിയേറ്റുള്ള മരണങ്ങളും വർധിച്ച സാഹചര്യത്തിൽ ജില്ലയിൽ വളർത്തുമൃഗങ്ങൾക്കു വാക്സിനേഷൻ നൽകുന്ന നടപടിക്കു ജില്ലാ മൃഗസംരക്ഷണ വകുപ്പു വേഗം കൂട്ടി. പഞ്ചായത്തുകളിലെയും നഗരസഭകളിലെയും കോർപറേഷനിലെയും വെറ്ററിനറി ഡിസ്പെൻസറികളിൽ വളർത്തു മൃഗങ്ങൾക്കായി പ്രത്യേക പേവിഷ പ്രതിരോധ കുത്തിവയ്പ് ക്യാംപുകൾ സംഘടിപ്പിച്ചു. ജില്ലയിലെ മുഴുവൻ വെറ്ററിനറി ഡിസ്പെൻസറികളിലും 3 ദിവസത്തെ ക്യാംപ് നടത്തുന്നുണ്ട്. ഓരോ തദ്ദേശ സ്ഥാപനങ്ങളിലുമുള്ള മുഴുവൻ വളർത്തു മൃഗങ്ങൾക്കും റാബീസ് പ്രതിരോധ വാക്സീൻ നൽകാനുള്ള പദ്ധതിയാണു നടക്കുന്നത്. നായകളെയും പൂച്ചകളെയുമാണു കൂടുതലായി ക്യാംപുകളിൽ എത്തിച്ചു വാക്സീൻ എടുക്കുന്നത്.

നിലവിൽ വാക്സിനേഷൻ എടുക്കാത്ത എല്ലാ വളർത്തു നായ്ക്കളെയും ക്യാംപിലെത്തിച്ചു വാക്സീൻ നൽകാനാണ് നിർദേശം. ഒരു വർഷത്തിനകം വാക്സിനേഷൻ എടുത്തവയ്ക്ക് ഇപ്പോൾ നൽകേണ്ടതില്ല. രണ്ടര മാസത്തിലധികം പ്രായമുള്ള നായ്ക്കളെയാണു വാക്സിനേഷനു വിധേയമാക്കേണ്ടത്. 30 രൂപയാണു ഫീസ്. രാവിലെ 10.30 മുതൽ 12.30 വരെയാണു കുത്തിവയ്പു നൽകുന്നത്.

പുതിയ സാഹചര്യത്തിൽ ക്യാംപുകളിൽ ഒട്ടേറെ പേർ വളർത്തു മൃഗങ്ങളെ എത്തിച്ചു വാക്സീൻ എടുക്കുന്നുണ്ടെന്ന് ജില്ലാ മൃഗാശുപത്രിയിലെ ചീഫ് വെറ്ററിനറി ഓഫിസർ ഡോ.പി.കെ.ഷിഹാബുദ്ദീൻ പറഞ്ഞു.

Related Articles

Leave a Reply

Back to top button