
കോഴിക്കോട്: ജനവാസ മേഖല മാത്രമല്ല, കൃഷിയിടങ്ങളും ബഫർസോണിൽ നിന്ന് ഒഴിവാക്കണമെന്നു കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ.മാണി എംപി. വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി കൊണ്ടുവരണം. കേരള കോൺഗ്രസ് (എം) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ ബഫർസോൺ വേണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയാൽ കേരളം ഇല്ലാതാകും. കേരളത്തിന്റെ പ്രത്യേക സാഹചര്യം ബോധ്യപ്പെടുത്തി ഇതിൽ ഇളവ് നേടാൻ സംസ്ഥാന സർക്കാർ ശ്രമിക്കണം.
ഇതിനായി വിദഗ്ധ സമിതിയെ നിയോഗിക്കണം. വനത്തിൽ കയറി വന്യജീവികളെ ആക്രമിക്കുന്നതു തടയുന്നതാണ് വന്യജീവി സംരക്ഷണ നിയമം. വന്യജീവികൾ ജനവാസമേഖലയിൽ ഇറങ്ങുമ്പോൾ ഈ നിയമം ബാധകമാണോ എന്നു ചർച്ച ചെയ്യണം. ആക്രമിക്കാൻ വരുന്ന വ്യക്തിയെ പ്രതിരോധിച്ചാൽ സ്വയരക്ഷയുടെ ആനുകൂല്യം കിട്ടും. ആക്രമിക്കാൻ വരുന്ന വന്യജീവിയെ പ്രതിരോധിച്ചാലും ഈ ഇളവു കിട്ടുന്ന വിധത്തിൽ നിയമം ഭേദഗതി ചെയ്യണം. വിഴിഞ്ഞത്തെ തീരദേശവാസികളുടെ പ്രശ്നം പരിഹരിക്കാൻ സർക്കാർ തയാറാകണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ടി.എം.ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സ്റ്റീഫൻ ജോർജ്, ജോയ്സ് പുത്തൻപുര, മുഹമ്മദ് ഇഖ്ബാൽ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ബേബി കാപ്പുകാട്ടിൽ, കെ.കെ.നാരായണൻ, കെ.എം.പോൾസൺ, ബോബി മൂക്കൻതോട്ടം, വൈലങ്കര മുഹമ്മദ് ഹാജി, ആന്റണി ഈരൂരി, സുരേന്ദ്രൻ പാലേരി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ടി.എം.ജോസഫ് (പ്രസി), ആന്റണി ഈരൂരി, വൈലങ്കര മുഹമ്മദ് ഹാജി (വൈസ് പ്രസി), കെ.എം.പോൾസൺ, ബോബി മൂക്കൻതോട്ടം, വിനോദ് കിഴക്കയിൽ, സുരേന്ദ്രൻ പാലേരി, റോയ് മുരിക്കോലിൽ, ബോബി ഓസ്റ്റിൻ, ജോസഫ് വെട്ടുകല്ലേൽ, റുഖിയാ ബീവി (ജന സെക്ര),പ്രിൻസ് പുത്തങ്കണ്ടം (ട്രഷ)





